പ്രതിദിനം നിര്‍മ്മിക്കുന്നത് മൂന്ന് ലക്ഷം പിപിഇ കിറ്റുകള്‍; ആഭ്യന്തര ശേഷി വർധിപ്പിച്ച് രാജ്യം

By Web TeamFirst Published May 25, 2020, 9:04 PM IST
Highlights

സ്വന്തം നിലയിൽ കിറ്റുകൾ സംഭരിക്കുന്ന സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്ര  ടെക്സ്റ്റൈൽസ് മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള ലാബുകളിൽ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ദില്ലി: പ്രതിദിനം മൂന്ന് ലക്ഷത്തിലധികം പിപിഇ കിറ്റുകളും എൻ 95 മാസ്കുകളും നിർമ്മിക്കാവുന്ന തരത്തിൽ രാജ്യത്തിന്‍റെ ആഭ്യന്തര ശേഷി വർധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ഗുണനിലവാരം പരിശോധിക്കുന്നതിനായി കേന്ദ്ര  ടെക്സ്റ്റൈൽ  മന്ത്രാലയം നിർദേശിക്കുന്ന എട്ടു ലാബുകളിലൊന്നിൽ പരിശോധിച്ച് അംഗീകാരം ലഭിച്ചതിന് ശേഷമാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സംഭരണ ഏജൻസിയായ എച്ച്എൽഎൽ നിർമ്മാതാക്കളിൽ നിന്നും വിതരണക്കാരിൽ നിന്നും പിപിഇ കിറ്റുകൾ  സംഭരിക്കുന്നത്.

ആരോഗ്യ മന്ത്രാലയത്തിന്റെ സാങ്കേതിക സമിതി (ജെഎംജി) നിർദേശിക്കുന്ന  പരിശോധനയിൽ ഉൽപ്പന്നങ്ങൾ യോഗ്യത നേടിയിരിക്കണമെന്നും നിബന്ധനയുണ്ട്. ഇത് കൂടാതെ, നിശ്ചയിക്കപ്പെട്ട പ്രോട്ടോകോൾ അനുസരിച്ചുള്ള  ക്രമരഹിത പരിശോധനയിലൂടെ (റാൻഡം ടെസ്റ്റ് )കിറ്റുകളുടെ ഗുണനിലവാരം പരിശോധിക്കുകയും പരാജയപ്പെടുന്ന കമ്പനികളെ അയോഗ്യരാക്കുകയും ചെയ്യും.

സ്വന്തം നിലയിൽ കിറ്റുകൾ സംഭരിക്കുന്ന സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്ര  ടെക്സ്റ്റൈൽസ് മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള ലാബുകളിൽ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഈ ലാബുകളിലെ പരിശോധനയിൽ യോഗ്യത നേടിയ ഉത്പന്നങ്ങളുടെ നിർമാതാക്കളെ കേന്ദ്ര സർക്കാരിന്റെ  ഇ-മാർ‌ക്കറ്റ്‌പ്ലെയ്‌സിൽ‌ (GeM) ഉൾപ്പെടുത്തും. ടെസ്റ്റുകളിൽ  യോഗ്യത നേടിയ നിർമ്മാതാക്കളുടെ വിവരങ്ങൾ   ടെക്സ്റ്റൈൽസ്  മന്ത്രാലയം വെബ്സൈറ്റിൽ ലഭ്യമാണ്.

ഇന്ന് രാജ്യം പ്രതിദിനം മൂന്ന് ലക്ഷത്തിലധികം പിപിഇ കിറ്റുകളും എൻ 95 മാസ്കുകളും ഉത്പാദിപ്പിക്കുന്നു. സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങൾക്കും  കേന്ദ്ര സ്ഥാപനങ്ങൾ‌ക്കും ഏകദേശം 111.08 ലക്ഷം എൻ‌-95 മാസ്കുകളും 74.48 ലക്ഷം പേഴ്‌സണൽ‌ പ്രൊട്ടക്റ്റീവ് ഉപകരണങ്ങളും (പിപിഇ) ഇതുവരെ നൽകിക്കഴിഞ്ഞതായും ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പിപിഇ കിറ്റുകളുടെ  യുക്തിപൂർവ്വമായ   ഉപയോഗത്തിനുള്ള മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട് വിവരങ്ങൾ  https://mohfw.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

click me!