ജാതി വിവേചനം ആരോപിച്ച് കോയമ്പത്തൂരില്‍ 3000 ദളിതര്‍ ഇസ്ലാംമതം സ്വീകരിക്കുന്നു

By Web TeamFirst Published Dec 25, 2019, 3:53 PM IST
Highlights

അറസ്റ്റ് ചെയ്ത ശിവ സുബ്രഹ്മണ്യത്തെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസ് എടുത്ത് ശിക്ഷ നടപടികള്‍ക്ക് വിധേയമാക്കണം എന്ന ആവശ്യം സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്നാണ്  തമിഴ് പുലികള്‍ കക്ഷിയുടെ ആരോപണം. 

കോയമ്പത്തൂര്‍: നടൂര്‍ മതില്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് 3000 ദളിതര്‍ ഇസ്ലാം മതം സ്വീകരിക്കുന്നു. തമിഴ് പുലികള്‍ കക്ഷിയില്‍ പെട്ടവരാണ് ദളിതര്‍ക്കെതിരായ അവഗണയില്‍ പ്രതിഷേധിച്ച് കൂട്ടമതം മാറ്റത്തിന് ഒരുങ്ങുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മേട്ടുപ്പാളയത്തില്‍ നടന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം എടുത്തത്. യോഗത്തില്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി എം ഇലവേനില്‍ മതം മാറ്റം പ്രഖ്യാപിച്ചു.

മേട്ടുപ്പാളയത്തിന് അടുത്ത് നടൂരില്‍ ഡിസംബര്‍ രണ്ടിനാണ് ശിവസുബ്രഹ്മണ്യം എന്നയാളുടെ വീടിന് ചുറ്റുമുള്ള മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞുവീണ് 17 പേര്‍ മരിച്ചത്. ഈ മതില്‍ ജാതി വിവേചനത്തിന്‍റെ ഉദ്ദേശത്തോടെയാണ് ശിവസുബ്രഹ്മണ്യം  പണിതത് എന്നാണ് തമിഴ് പുലികള്‍ കക്ഷി ആരോപിക്കുന്നത്. അതേ സമയം ശിവ സുബ്രഹ്മണ്യത്തെ ഡിസംബര്‍ 3ന് തമിഴ്നാട് പൊലീസിന്‍റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു. 

സമീപത്ത് ജീവിക്കുന്ന ദളിതരെ അകറ്റാന്‍ വേണ്ടിയാണ് ശിവ സുബ്രഹ്മണ്യം തൂണുകള്‍ പോലും ഇല്ലാതെ മതില്‍ പണിതത്. ഈ മതില്‍ കനത്ത മഴയില്‍ തകര്‍ന്ന് വീഴുകയായിരുന്നു. അതേ സമയം അറസ്റ്റ് ചെയ്ത ശിവ സുബ്രഹ്മണ്യത്തെ പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസ് എടുത്ത് ശിക്ഷ നടപടികള്‍ക്ക് വിധേയമാക്കണം എന്ന ആവശ്യം സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്നാണ്  തമിഴ് പുലികള്‍ കക്ഷിയുടെ ആരോപണം. 

മാത്രമല്ല ഇത്രയും വലിയ ദ്രോഹം ചെയ്ത വ്യക്തിക്ക് വെറും 20 ദിവസത്തിനുള്ള ജാമ്യം ലഭിച്ചു. അതേ സമയം അനീതിക്കെതിരെ സമരം ചെയ്ത തമിഴ് പുലികള്‍ കക്ഷി അംഗങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇത് തന്നെ മതത്തിലെ വിവേചനത്തിന് ഉദാഹരണമാണ് എന്നാണ് തമിഴ് പുലികള്‍ കക്ഷി പ്രസിഡന്‍റ്  നാഗെ തിരുവള്ളുവന്‍ പറയുന്നു.

തങ്ങളുടെ സംഘടനയില്‍ അംഗങ്ങളായ 3000 പേരാണ് ഇസ്ലാം മതം സ്വീകരിക്കാന്‍ പോകുന്നത്. ഇതിന്‍റെ ആദ്യഘട്ടം എന്ന നിലയില്‍ ജനുവരി 5ന് 100 പേര്‍ മേട്ടുപ്പാളയത്ത് വച്ച് ഇസ്ലാംമതം സ്വീകരിക്കും എന്നാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി എം ഇലവേനില്‍ അറിയിക്കുന്നത്. 

click me!