
ലക്നൗ: ഉത്തര്‍പ്രദേശില്‍ സർക്കാർ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് റിപ്പോർട്ട് നല്‍കാന്‍ ഡിജിപിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ നോട്ടീസ്. നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. പൗരത്വ നിയമ ഭേദഗതിക്കെതിരായ സംഘർഷത്തിൽ യുപിയിൽ 20 പേർ മരിച്ചിരുന്നു. ഇതില്‍ ബിജ്നോറിലെ ഒരു വിദ്യാർത്ഥി പൊലീസിന്‍റെ വെടിയേറ്റാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു.
കാൺപൂരിൽ പൊലീസ് റിവോൾവർ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങൾ നല്‍കിയിരുന്നു. പൊലീസ് വെടിവച്ചിട്ടില്ല എന്ന നിലപാടിൽ യുപി ഡിജിപി ഇതുവരെ ഉറച്ച് നില്‍ക്കുകയായിരുന്നു. അതേസമയം ബിജ്നോറിൽ ഇരുപത്കാരനായ മൊഹമ്മദ് സുലൈമാൻ മരിച്ചത് വെടിയേറ്റാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
പൊലീസ് കോൺസ്റ്റബിൾ മൊഹിത് കുമാറിന്‍റെ പിസ്റ്റളിൽ നിന്നാണ് വെടിവച്ചത്. സുലൈമാൻ നാടൻ തോക്കുപയോഗിച്ച് മൊഹിത് കുമാറിനെ വെടിവച്ചപ്പോൾ ആത്മരക്ഷയ്ക്ക് റിവോൾവർ ഉപയോഗിച്ചെന്നാണ് വിശദീകരണം. മൊഹിത് കുമാര്‍ ഗുരുതരപരിക്കേറ്റ് ഇപ്പോൾ ചികിത്സയിലാണ്.
ഒരു സബ് ഇൻസ്പെക്ടറുടെ റിവോൾവർ അക്രമികൾ തട്ടിയെടുത്തു എന്നും പൊലീസ് പറയുന്നു. അതേസമയം ഉത്തർപ്രദേശിൽ ഇന്ന് സ്ഥിതി ശാന്തമാണ്. ചില നഗരങ്ങളിൽ ഇന്‍റര്‍നെറ്റ് നിയന്ത്രണവും ജാഗ്രതയും തുടരുന്നു. രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും മീററ്റിൽ അക്രമങ്ങളിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ കണ്ടു. അഞ്ചു പേരാണ് മീററ്റിൽ മാത്രം മരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam