2018ല്‍ ചൂട് കാരണം ഇന്ത്യയില്‍ മരിച്ചത് 31,000ത്തിലേറെ വയോധികര്‍

By Web TeamFirst Published Dec 3, 2020, 10:58 AM IST
Highlights

പുറത്ത് ജോലി ചെയ്യുന്നവരെയാണ് താപനില വര്‍ധിക്കുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും ചൂട് പ്രതികൂലമായി ബാധിക്കുന്നു.
 

ദില്ലി: 2018ല്‍ ചൂട് കാരണം ഇന്ത്യയില്‍ 31,000ത്തിലേറെ വയോധികര്‍ (65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍) മരിച്ചെന്ന് റിപ്പോര്‍ട്ട്. ലാന്‍സെറ്റ് കൗണ്ട് ഡൗണ്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മരണക്കണക്കില്‍ ചൈനക്ക് (62,000) പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ 20 വര്‍ഷമായി ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വയോധികരുടെ മരണ നിരക്ക് ആഗോള തലത്തില്‍ 53.7 ശതമാനമായി ഉയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ മരണ നിരക്ക് ആഗോള നിരക്കിനേക്കാള്‍ ഇരട്ടിയാണ്. ചൂട് കാരണം ലോകത്തില്‍ 2.96 ലക്ഷം പേരാണ് 2018ല്‍ മരിച്ചത്.

പുറത്ത് ജോലി ചെയ്യുന്നവരെയാണ് താപനില വര്‍ധിക്കുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും ചൂട് പ്രതികൂലമായി ബാധിക്കുന്നു. 30200 പ്രവൃത്തി മണിക്കൂറുകളാണ് 2019ല്‍ ചൂട് കാരണം ഇന്ത്യക്ക് നഷ്ടമായത്. 40 ശതമാനം ഉല്‍പാദനക്ഷമതയും നഷ്ടമായി. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ താപവര്‍ധനവ് ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ജിഡിപിയെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചതെന്നും പറയുന്നു. ഇന്ത്യയുടെ കാര്‍ഷിക മേഖലക്കാണ് കനത്ത നഷ്ടമുണ്ടായത്.

മനുഷ്യ ആരോഗ്യം ആഗോള തലത്തില്‍ ഭീഷണിയിലാണെന്നും നമ്മുടെ സാമ്പത്തിക രംഗവും ജീവിത ശൈലിയും സ്തംഭനാവസ്ഥയിലാകുമെന്നും ലാന്‍സെറ്റ് കൗണ്ട് ഡൗണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഇയാന്‍ ഹാമില്‍ട്ടന്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുകയാണെന്നും മാറ്റത്തിന് തയ്യാറായില്ലെങ്കില്‍ ഭാവിയില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 2019ല്‍ ഇന്ത്യയില്‍ ചൂട് കൂടിയ ദിവസങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിരുന്നു.
 

click me!