എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്ന അധ്യായം ഉൾപ്പെടുത്തിയതിൽ സുപ്രീം കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ കേന്ദ്ര സർക്കാർ ഖേദം പ്രകടിപ്പിച്ചു.  

ദില്ലി: സുപ്രീം കോടതിയുടെ അതിശക്തമായ ഇടപെടലിന് പിന്നാലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തക വിവാദത്തിൽ കേന്ദ്ര സർക്കാർ ഖേദം പ്രകടിപ്പിച്ചു. വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അഗാധമായ ഖേദം പ്രകടിപ്പിച്ചു. നീതിന്യായ വ്യവസ്ഥയെ അപമാനിക്കാൻ തങ്ങൾക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്നും നടന്ന സംഭവത്തിൽ അതീവ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

എട്ടാം ക്ലാസിലെ എൻസിഇആർടി സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതി എന്ന അധ്യായം ഉൾപ്പെടുത്തിയത് കോടതിയെ അവഹേളിക്കാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണെന്നായിരുന്നു സുപ്രീം കോടതി നിരീക്ഷണം.

വിവാദ അധ്യായം ഉൾപ്പെട്ട പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പുകളും അച്ചടിച്ച കോപ്പികളും എത്രയും വേഗം പിടിച്ചെടുക്കാൻ കോടതി നിർദ്ദേശിച്ചു.

"കോടതിയുടെ നെഞ്ചിലേക്ക് വെടിവെച്ചു": "അവർ വെടിയുതിർത്തു കഴിഞ്ഞു, നീതിന്യായ വ്യവസ്ഥയിൽ നിന്ന് രക്തം വാർന്നുകൊണ്ടിരിക്കുകയാണ്," എന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വൈകാരികമായി പ്രതികരിച്ചത്. ഉത്തരവാദികളായവർക്കെതിരെ എന്തുകൊണ്ട് കോടതി അലക്ഷ്യ നടപടി സ്വീകരിക്കരുത് എന്ന് വിശദീകരിക്കാൻ എൻ.സി.ഇ.ആർ.ടി ഡയറക്ടർക്കും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

പാഠപുസ്തകത്തിലെ അനുചിതമായ ഉള്ളടക്കത്തിന് എൻ.സി.ഇ.ആർ.ടി കഴിഞ്ഞ ദിവസം മാപ്പ് ചോദിച്ചിരുന്നു. പാഠഭാഗം വിദഗ്ധരുമായി ആലോചിച്ച് തിരുത്തി എഴുതുമെന്നും അധികൃതർ കോടതിയെ അറിയിച്ചു.