വീട്ടിലേക്ക് അയൽക്കാരിയെ വിളിച്ചുവരുത്തി, പിതാവിന്‍റെ തോക്കെടുത്ത് കാലിലേക്ക് വെടിവെച്ചു, പിന്നാലെ യുവാവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി

Published : Sep 13, 2026, 12:24 PM IST
gun shot

Synopsis

മൺപാത്രം വേണമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് നീരജ് അയൽവാസിയായ രാജ്‌വതിക്ക് നേരെ വെടിയുതിർത്തത്. പിന്നാലെ യുവാവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു.

ദില്ലി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി. 48-കാരിയായ രാജ്‌വതി എന്ന സ്ത്രീക്കാണ് വെടിയേറ്റത്. അച്ഛന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് അയൽവാസിയുടെ കാലിൽ വെടിവെച്ച ശേഷം 32 കാരനായ നീരജ് എന്ന യുവാവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 7 മണിയോടെ ലെ ജോഹ്രിപൂരിലാണ് ദാരുണമായ സംഭവം നടന്നത്. ഗോകൽപുരി മേഖലയിൽ മൺപാത്ര ബിസിനസ്സ് ചെയ്യുന്ന കുടുംബത്തിലെ അംഗമായ നീരജ്, മൺപാത്രം വേണമെന്ന് പറഞ്ഞ് രാജ്‌വതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഇവരുമായി സംസാരിച്ചുകൊണ്ടിരിക്കെ നീരജ് രാജ്‌വതിക്കു നേരെ വെടിയുതിർക്കുകയായിരുന്നു. രാജ്‍വതിയുടെ വലതുകാലിലാണ് വെടിയേറ്റത്.

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ 48 കാരിയെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജ്‌വതിയുടെ ഭർത്താവ് നൽകിയ വിവരമനുസരിച്ച് നീരജ് 5 റൗണ്ട് വരെ വെടിയുതിർത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ത്രീക്ക് നേരെ വെടിവെച്ച ശേഷം നീരജ് വീടിന്റെ ഒന്നാം നിലയിലുള്ള മുറിയിൽ കയറി വാതിലടച്ചു, പിന്നാലെ സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ബന്ധുക്കൾ മുറിയുടെ വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ നീരജ് രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. ആദ്യം രാജ്‌വതിക്ക് നേരെ വെടിയുതിർത്ത നീരജ് പിന്നീട് സ്വയം തലയിൽ വെടിവെക്കുകയായിരുന്നുവെന്നും, ഇതേത്തുടർന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചുവെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.

അയൽവാസിയാണെങ്കിലും നീരജുമായി തങ്ങൾക്ക് അടുത്ത പരിചയമൊന്നും ഇല്ലായിരുന്നു എന്ന് രാജ്‌വതിയുടെ ഭർത്താവ് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു. നീരജിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജി.ടി.ബി. ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നും, ഭാരതീയ ന്യായ സംഹിത സെക്ഷൻ 109(1) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ഗോകൽപുരി പൊലീസ് അറിയിച്ചു. മരിച്ചയാൾ തങ്ങളുടെ അയൽക്കാരനാണെങ്കിലും അദ്ദേഹവുമായി വലിയ പരിചയമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സ്ത്രീയുടെ ഭർത്താവ് പ്രതികരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പത്തുദിവസം മുൻപേ പ്രസിഡന്റിന്റെ 'ഹോങ്ഖി ലിമോസിൻ' ചൈന ഡൽ​ഹിയിലേക്ക് അയച്ചു; ഹോട്ടലിലെ ഭൂ​ഗർഭ പൈപ്പ് ലൈനുകളിൽ വരെ പരിശോധന; വൻ സുരക്ഷ
95 രൂപയുടെ ഊണിന് ഇനി 110, ഇഡ്ഡലിക്കും വടയ്ക്കും ബോണ്ടയ്ക്കും ദോശക്കുമെല്ലാം വില കൂട്ടി; ട്രെയിനില്‍ ഇനി ഭക്ഷണത്തിന് പുതിയ നിരക്ക്