ശനിയാഴ്ച ഡൽഹിയിലെത്തിയ ചൈനീസ് പ്രസിഡന്റ് താജ് പാലസ് ഹോട്ടലിലാണ് താമസിക്കുന്നത്. പ്രസിഡന്റ് വരുന്നതിന് മുൻപ് തന്നെ ഹോട്ടലിലും പരിസരത്തും വിവിധ ഏജൻസികൾ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. ചൈനീസ് പ്രസിഡന്റ് താമസിക്കുന്ന ഹോട്ടൽ സ്ഥിതിചെയ്യുന്ന പ്രദേശം നോ ഫ്ലൈ സോൺ ആയും പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങിന് ഡൽഹിയിൽ ഒരുക്കിയത് വൻ സുരക്ഷ. ചൈനീസ് പ്രസിഡന്റിന്റെ യാത്രയിലും താമസസ്ഥലത്തും വരെ വിവിധ ഏജൻസികളുടെ നേതൃത്വത്തിലാണ് പഴുതടച്ച സുരക്ഷസംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ശനിയാഴ്ച ഡൽഹിയിലെത്തിയ ചൈനീസ് പ്രസിഡന്റ് താജ് പാലസ് ഹോട്ടലിലാണ് താമസിക്കുന്നത്. പ്രസിഡന്റ് വരുന്നതിന് മുൻപ് തന്നെ ഹോട്ടലിലും പരിസരത്തും വിവിധ ഏജൻസികൾ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. ചൈനീസ് പ്രസിഡന്റ് താമസിക്കുന്ന ഹോട്ടൽ സ്ഥിതിചെയ്യുന്ന പ്രദേശം നോ ഫ്ലൈ സോൺ ആയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ ഹോട്ടലിലും പരിസരത്തും അതീവ സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ആണവ, ജൈവ-രാസ ഭീഷണികളടക്കം കണ്ടെത്താനുള്ള പരിശോധനകളും ഹോട്ടലിലും പരിസരത്തും പൂർത്തിയാക്കിയിരുന്നു. ഹോട്ടൽ കെട്ടിടത്തിന്റെ മുക്കുംമൂലയും കെട്ടിടത്തിനടിയിലൂടെയുള്ള ഭൂഗർഭ പൈപ്പ് ലൈനുകളും വരെ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചു.
പത്തുദിവസം മുൻപ് തന്നെ ചൈനയിൽനിന്ന് പ്രസിഡന്റിന്റെ ഹോങ്ഖി ലിമോസിൻ കാറും ബാക്കപ്പ് വാഹനങ്ങളും ഡൽഹിയിലേക്ക് അയച്ചിരുന്നു. ചൈനയിൽനിന്നുള്ള പ്രത്യേക ചരക്കുവിമാനത്തിലാണ് ഇവ ഡൽഹിയിൽ എത്തിച്ചത്. പ്രസിഡന്റിന്റെ സുരക്ഷയുടെ ഭാഗമായുള്ള ഉപകരണങ്ങളും ആശയവിനിമയ ഉപകരണങ്ങളും ഈ വിമാനത്തിലുണ്ടായിരുന്നു.
എയർ ചൈനയുടെ മാറ്റങ്ങൾ വരുത്തിയ ബോയിങ് 747-8 വിമാനത്തിലാണ് ചൈനീസ് പ്രസിഡന്റ് കഴിഞ്ഞദിവസം ഡൽഹിയിലെത്തിയത്. മിസൈൽ പ്രതിരോധ സംവിധാനം, ഇഎംപി ഷീൽഡിങ് തുടങ്ങിയ സുരക്ഷാസംവിധാനങ്ങളും ചൈനീസ് സൈന്യവുമായി ആശയവിനിമയം നടത്താനുള്ള എൻക്രിപ്റ്റഡ് സാറ്റലൈറ്റ് ആശയവിനിമയ സംവിധാനങ്ങളും അടങ്ങുന്ന ഒരു മൊബൈൽ കമാൻഡ് സെന്ററാണ് ഈ വിമാനം.
ശനിയാഴ്ച ഡൽഹിയിലെത്തിയ ചൈനീസ് പ്രസിഡന്റ് 24 മണിക്കൂറോളമാണ് ഇന്ത്യയിലുണ്ടാവുക. ഏഴുവർഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാസന്ദർശനമാണിത്. ബ്രിക്സ് ഉച്ചകോടി വേദിയായ ഭാരത് മണ്ഡപത്തിൽനിന്ന് ഞായറാഴ്ച രാവിലെ 11 മണിയോടെ അദ്ദേഹം ഡൽഹി വിമാനത്താവളത്തിലേക്ക് പോകും. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഏകദേശം 15,000-ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഡൽഹിയിൽ വിന്യസിച്ചിരിക്കുന്നത്. 200 കമ്പനി പാരാമിലിട്ടറി സേനകളും സുരക്ഷാഡ്യൂട്ടിയിലുണ്ട്. ഡൽഹിയിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. സുരക്ഷാ പരിശോധനകളും ശക്തമാണ്. ഇന്ദിരാഗാന്ധി വിമാനത്താവളത്തിനും ശാന്തിപഥിനും ഇടയിൽ മാത്രം 700-ലേറെ സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് നിരീക്ഷിക്കാനായി അഞ്ച് കൺട്രോൾ റൂമുകളുമുണ്ട്.


