
ദില്ലി: ലോകത്തെ 40 രാജ്യങ്ങൾക്കു കൂടി കൊവിഡ് മരുന്ന് നൽകാൻ ഇന്ത്യ തീരുമാനിച്ചു. അമേരിക്കയിലേക്ക് അടക്കം ലോകത്തെ 13 രാജ്യങ്ങളിലേക്ക് നേരത്തെ അയച്ചുകൊണ്ടിരുന്ന ഹൈഡ്രോക്സി ക്ളോറോക്വിൻ മരുന്നാണ് കയറ്റി അയക്കുന്നത്. പുതുതായി മരുന്ന് നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും ഉണ്ട്.
അതേസമയം ഇന്ത്യയിൽ കൊവിഡ് സാമ്പിൾ പരിശോധനകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഇതുവരെ മൂന്ന് ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. തെലങ്കാനയിൽ ഇന്ന് 50 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദില്ലിയിൽ ഇന്ന് 62 കൊവിഡ് ബാധിതരെ കണ്ടെത്തി. ആറ് പേർ കൂടി ഇവിടെ വൈറസ് ബാധിച്ച് മരിച്ചു.
ലോകത്തെ 53 രാജ്യങ്ങളിലായി 3336 ഇന്ത്യക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 25 പ്രവാസി ഇന്ത്യക്കാർ മരിച്ചു. കുവൈത്തിൽ 785, സിങ്കപ്പൂരിൽ 634, ഖത്തറിൽ 420, ഇറാനിൽ 308, ഒമാനിൽ 297, യുഎഇ 238, സൗദി അറേബ്യ 186, ബഹ്റിൻ 135, ഇറ്റലി 91, മലേഷ്യ 37, പോർചുഗൽ 36, ഘാന 29, അമേരിക്ക 24, സ്വിറ്റ്സർലന്റ് 15, ഫ്രാൻസ് 13 എന്നിങ്ങനെയാണ് വിദേശത്ത് കൊവിഡ് ബാധിച്ച ഇന്ത്യാക്കാരുടെ കണക്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam