കർണാടകത്തിൽ കാണാതായ കൊവിഡ് രോഗികൾക്കായി അന്വേഷണം, പരിശോധനയ്ക്ക് നിബന്ധനകൾ

By Web TeamFirst Published Jul 26, 2020, 3:31 PM IST
Highlights

ചികിത്സയിലുള്ള രോഗികളില്‍ പത്തുശതമാനത്തിലധികം വരും കണ്ടെത്താനുള്ള വൈറസ് ബാധിതരുടെ എണ്ണം. അതിനാൽ തന്നെ ഇവ ക്വാറന്റീന്‍ നിയമങ്ങൾ ലംഘിക്കുന്നുണ്ടോയെന്നുപോലും പരിശോധിക്കാനാകുന്നില്ല

ബെംഗളൂരു: കർണാടകത്തില്‍ കണ്ടെത്താനാകാത്ത കൊവിഡ് രോഗികൾക്കായി അന്വേഷണം തുടങ്ങി. ബെംഗളൂരു നഗരത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരില്‍ 3,388 പേർ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. ഇവർക്കായാണ് അന്വേഷണം ആരംഭിച്ചത്. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്ത് കൊവിഡ് പരിശോധനയ്ക്ക് എത്തുന്ന മുഴുവൻ പേരും തിരിച്ചറിയൽ രേഖ ഹാജരാക്കണമെന്ന നിബന്ധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കാണാതായ രോഗികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചോയെന്ന കാര്യത്തിൽ ആശങ്ക ഉയർന്നിട്ടുണ്ട്. ചികിത്സയിലുള്ള രോഗികളുടെ പത്തുശതമാനത്തിലധികം പേരെയാണ് കണ്ടെത്താനുള്ളത്.  കൊവിഡ് പരിശോധനാഫലം വരാന്‍ ആഴ്ചകളോളം വൈകുന്നതിനാല്‍ ആളുകൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നുവെന്നും, മൊബൈല്‍ഫോണോ വീടോ ഇല്ലാത്ത ഇവരെ പിന്നീട് കണ്ടെത്താനാകുന്നില്ലെന്നും ബെംഗളൂരു കമ്മീഷണർ എന്‍ മഞ്ജുനാഥ പ്രസാദ് പറഞ്ഞു. 

ബെംഗളൂരുവില്‍ മാത്രമല്ല ഈ പ്രതിസന്ധിയുള്ളത്. കഴിഞ്ഞ ദിവസം മൈസൂരുവില്‍ കൊവിഡ് പരിശോധനയ്ക്കെത്തിയയാൾ സ്വന്തം നമ്പറിന് പകരം മൈസൂരു കളക്ടരുടെ നമ്പറാണ് ആരോഗ്യ പ്രവർത്തകർക്ക് നല്‍കിയത്. രോഗം സ്ഥിരീകരിച്ചതോടെ ഇയാളോട് നിരീക്ഷണത്തിൽ പോകണമെന്ന് പറയാൻ വിളിച്ചിരുന്നു. അപ്പോൾ ഫോണെടുത്തത് മലയാളികൂടിയായ കളക്ടർ അഭിറാം ജി ശങ്കറായിരുന്നു. കൊവിഡ് പരിശോധനയ്ക്കെത്തുന്നവർ തിരിച്ചറിയില്‍ രേഖ നിർബന്ധമായും കൈയില്‍ കരുതണമെന്ന് നിർദ്ദേശം നൽകി.

click me!