37 സിറ്റിംഗുകള്‍, പാസാക്കിയത് 35 ബില്‍, റെക്കോര്‍ഡ് കുറിച്ച് ലോക്സഭ സമ്മേളനം

By Web TeamFirst Published Aug 7, 2019, 12:30 PM IST
Highlights

ജൂണ്‍ 17ന് തുടങ്ങിയ സെഷന്‍ ആഗസ്റ്റ് ആറിനാണ് അവസാനിച്ചത്. 70 മണിക്കൂറും 42 മിനിറ്റും അധികം പാര്‍ലമെന്‍റ് സമ്മേളനത്തിനായി ചെലവിട്ടു. പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് ടീമാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

ദില്ലി: 17ാം ലോക്സഭയുടെ ഒന്നാം സെഷനില്‍ തന്നെ റെക്കോര്‍ഡ് ബില്ലുകള്‍ പാസാക്കി സര്‍ക്കാര്‍. ആദ്യ സെഷനില്‍ 37 സിറ്റിംഗുകളിലായി 280 മണിക്കൂറാണ് ലോക്സഭ കൂടിയത്. നിര്‍ണായകമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, മുത്തലാഖ് ബില്‍, മെഡിക്കല്‍ വിദ്യാഭ്യാസ ബില്‍, യുഎപിഎ ഭേദഗതി ബില്‍, എന്‍ഐഎ ഭേദഗതി ബില്‍ എന്നിവയടക്കം 35 ബില്ലുകളാണ് പാസാക്കിയെടുത്തത്. 1952 ലെ ലോക്സഭയിലെ ആദ്യ സെഷനില്‍ 67 സിറ്റിംഗുകളിലായി 24 ബില്ലുകള്‍ പാസാക്കിയതിന് ശേഷം ആദ്യമായാണ് ഇത്രയും ബില്ലുകള്‍ ഒരു സെഷനില്‍ പാസാക്കിയെടുക്കുന്നത്. 

ഈ സെഷനിലെ ലോക്സഭയിലെ ഉല്‍പാദന ക്ഷമത 127 ശതമാനമാണ്. ജൂണ്‍ 17ന് തുടങ്ങിയ സെഷന്‍ ആഗസ്റ്റ് ആറിനാണ് അവസാനിച്ചത്. 70 മണിക്കൂറും 42 മിനിറ്റും അധികം പാര്‍ലമെന്‍റ് സമ്മേളനത്തിനായി ചെലവിട്ടു. പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് ടീമാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 36 ശതമാനം ചോദ്യങ്ങള്‍ക്ക് വാക്കാല്‍ മറുപടി നല്‍കി. 94 ശതമാനം കന്നി എംപിമാരും ചര്‍ച്ചയില്‍ പങ്കെടുത്തു. 96 ശതമാനം വനിതാ എംപിമാരും ചര്‍ച്ചയില്‍ പങ്കെടുത്തു. 25 ബില്ലുകള്‍ ബജറ്റ് സെഷനിലാണ് ചര്‍ച്ച ചെയ്തത്. 

തുടരെ ബില്ലുകള്‍ പാസാക്കിയെടുക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മതിയായ ചര്‍ച്ചകളില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം. വിവാദമായ പല ബില്ലുകളും സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. എന്‍ഡിഎക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലും വിവാദ ബില്ലുകള്‍ പാസാക്കുന്നതില്‍ ബിജെപി വിജയിച്ചു. ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ റദ്ദാക്കുന്ന ബില്‍, മുത്തലാഖ് നിരോധന ബില്‍, എന്‍ഐഎ ഭേദഗതി ബില്‍, യുഎപിഎ ഭേദഗതി ബില്‍ എന്നിവ തന്ത്രപരമായ നീക്കത്തിലൂടെ രാജ്യസഭയിലും വിജയിപ്പിച്ചെടുത്തു. 
 

click me!