മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 352 പേർക്ക്; രോഗികള്‍ 2334

By Web TeamFirst Published Apr 14, 2020, 8:21 AM IST
Highlights

സംസ്ഥാനത്ത് ഒറ്റ ദിവസം 300ലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. രാജ്യത്ത് ഇന്നലെമാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 11 പേരാണ്. ഇതില്‍ ഒന്‍പത് പേരും മഹാരാഷ്ട്രയിലാണ്.

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്നത് അതിവേഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 352 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒറ്റ ദിവസം 300ലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2334 ആയി. രാജ്യത്ത് ഇന്നലെ മാത്രം 11 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 9ഉം മുംബൈയിലാണ്. 

മുംബൈയിൽ ഒന്നും പൂനെയിൽ രണ്ടും മലയാളി നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് രോഗിയുമായി ഇടപഴകിയ നഴ്സുമാരെ പരിശോധിക്കാൻ മുംബൈയിലെ ബോംബെ ആശുപത്രി തയാറാകുന്നില്ലെന്ന പരാതിയുമായി യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ രംഗത്തെത്തി. വിവാദമായതോടെ സാമ്പിളുകൾ ഉടൻ ശേഖരിക്കാമെന്നും നഴ്സുമാരെ ഐസൊലേറ്റ് ചെയ്യാമെന്നും ആശുപത്രി മാനേജ്മെന്‍റ് ഉറപ്പ് നൽകി.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേക്കെത്താൻ ഒരുമാസത്തിലേറെ എടുത്തങ്കിൽ അ‍ഞ്ച് ദിവസം കൊണ്ടാണ് അത് ഇരട്ടിയാവുന്നത്. രോഗപകർച്ച നിയന്ത്രണവിധേയമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഈ കണക്ക്. പൂനെ റൂബി ഹാൾ ആശുപത്രിയിൽ രണ്ട് മലയാളികളടക്കം മൂന്ന് നഴ്സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗസാധ്യതയുള്ള 36 നഴ്സുമാരെ ക്വാററ്റീൻ ചെയ്തു. 

Read More: മൂന്ന് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ്, മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് 

നേരത്തെ നാല് മലയാളി നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ച ഭാട്ടിയ ആശുപത്രിയിലാണ് വീണ്ടുമൊരാൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇവിടെ 30ലധികം നഴ്സുമാർ ചികിത്സയിലാണ്. സംസ്ഥാനത്ത് ഇതുവരെ 60മലയാളി നഴ്സുമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ഇടമില്ലാത്തതിനാൽ മുംബൈയിലെ കെഇഎം ആശുപത്രിയിലെ രോഗികളെ റോഡരികിൽ ചികിത്സിച്ച സംഭവം വിവാദമായിരുന്നു. ഇവരെ മുംബൈ കോർപ്പറേഷൻ താൽക്കാലിക കേന്ദ്രത്തിലേക്ക് മാറ്റി. 

ധാരാവിയിൽ രോഗസാധ്യത കൂടുതലുള്ളവർക്കെല്ലാം പ്രതിരോധ മരുന്നെന്ന നിലയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ സൾഫേറ്റ് ടാബ്ലറ്റ് മരുന്ന് നൽകും. ഫയർഫോഴ്സിന്‍റെ സഹായത്തോടെ ചേരികളിൽ കൂട്ട അണുനശീകരണവും നടത്തും.

click me!