മുംബൈ: മഹാമാരി കൂടുതൽ നാശം വിതക്കുന്ന മഹാരാഷ്ട്രയിൽ മൂന്ന് മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂനെ, മുംബൈ എന്നിവിടങ്ങളിലെ നഴ്സുമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെയിലെ റൂബി ഹാൾ ആശുപത്രിയിലെ രണ്ട് നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവരോടെ നേരിട്ട് ബന്ധം പുലർത്തിയിരുന്ന 36 നഴ്സുമാരെ ക്വാറൻ്റെൻ ചെയ്തു. നേരത്തെ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ച മുംബൈയിലെ ഭാട്ടിയ ആശുപത്രിയിൽ ഇന്ന് ഒരു മലയാളി നഴ്സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു . ഇവിടെ  കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്സുമാരുടെ എണ്ണം 5 ആയി. ഭാട്ടിയ ആശുപത്രിയിൽ മാത്രം ആകെ 37 നഴ്സുമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് 

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 2000 ലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനിടെ 221 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 1982 ആയി. 22 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതിൽ 16 ഉം മുംബൈയിലാണ്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 149 ആയി. സ്കൂളുകളടക്കം ആശുപത്രികളാക്കി മറ്റാനുള്ള ശ്രമത്തിലാണ് സർക്കാർ. ധാരാവിയടക്കം ചേരികളിൽ അണു നശീകരണം നടത്താൻ ഫയർഫോഴ്സിനെ ഇന്ന് മുതൽ ഉപയോഗിക്കും.