24 മണിക്കൂറിനിടെ 39,742 പേർക്ക് കൂടി കൊവിഡ്; 535 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു

By Web TeamFirst Published Jul 25, 2021, 10:53 AM IST
Highlights

മൂന്നാം തരംഗത്തിൽ കൊവിഡ് പ്രതിദിന കേസുകൾ 5 ലക്ഷം വരെ എത്താമെന്നാണ് നിതി ആയോഗിൻ്റെ മുന്നറിയിപ്പ്. രണ്ട് ലക്ഷം ഐസിയു കിടക്കകൾ സജ്ജമാക്കാനാണ് നിർദ്ദേശം. 

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 535 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്കനസുരിച്ച് ഇത് വരെ 420551 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 4,08,212 പേർ ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്. ഇത് വരെ 3,05,43,138 പേർ രോഗമുക്തി നേടി. 2.31 ശതമാനമാണ് നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. 

മൂന്നാം തരംഗത്തിൽ കൊവിഡ് പ്രതിദിന കേസുകൾ 5 ലക്ഷം വരെ എത്താമെന്നാണ് നിതി ആയോഗിൻ്റെ മുന്നറിയിപ്പ്. രണ്ട് ലക്ഷം ഐസിയു കിടക്കകൾ സജ്ജമാക്കാനാണ് നിർദ്ദേശം. 

മൂന്നാം തരംഗത്തിൽ കൊവിഡ് പ്രതിദിന കേസുകൾ 5 ലക്ഷം വരെ എത്താമെന്നാണ് നിതി ആയോഗിൻ്റെ മുന്നറിയിപ്പ്. രണ്ട് ലക്ഷം ഐസിയു കിടക്കകൾ സജ്ജമാക്കാനാണ് നിർദ്ദേശം. മൂന്നാം തരംഗം രണ്ടാം തരംഗത്തിന്‍റെ അത്ര തീവ്രമാകില്ല എന്ന വിലയിരുത്തലുകൾ തള്ളുന്നതാണ് കേന്ദ്രം നിയോഗിച്ച കൊവിഡ് വിദഗ്ധ സമിതി നൽകുന്ന മുന്നറിയിപ്പ്. അടുത്ത തരംഗത്തിൽ പ്രതിദിനം നാല് മുതൽ അഞ്ച് ലക്ഷം വരെ രോഗികൾ ഉണ്ടായേക്കാം. ഇതിന് മുന്നോടിയായി വേണ്ട തയ്യാറെടുപ്പുകൾ എടുക്കാനും സമിതി സർക്കാരുകൾക്ക് നിർദേശം നൽകി. 

രണ്ടാം തരംഗത്തിൽ ഇത്തരം മുന്നറിയിപ്പുകൾ കേന്ദ്രവും സംസ്ഥാനങ്ങളും അവഗണിച്ചു എന്ന പ്രതിപക്ഷാരോപണം നിലനിൽക്കെയാണ് പുതിയ മുന്നറിയിപ്പ്. വാക്സിനേഷനോടൊപ്പം തന്നെ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതും പ്രധാനമാണെന്ന് സമിതി ഓർമ്മിപ്പിച്ചു. കൃത്യമായ നിയന്ത്രണങ്ങളേർപ്പെടുത്തി പ്രതിദിന കണക്ക് 50,000നു മുകളിലെത്താതെ വ്യാപനം പിടിച്ചു കെട്ടണം. 

നിതി ആയോഗ് അംഗം വി കെ പോളിൻ്റെ നേതൃത്വത്തിലുള്ള സമിതിയുടേതാണ് മുന്നറിയിപ്പ്. സെപ്തംബറിന് മുൻപായി രാജ്യത്ത് രണ്ട് ലക്ഷം ഐസിയു കിടക്കകൾ സജ്ജമാക്കാനാണ് സമിതി നൽകിയിരിക്കുന്ന പ്രധാന നിർദേശം. ഒരു ലക്ഷത്തിലധികം വെൻ്റിലേറ്റർ കിടക്കകൾ വേണമെന്നും നിർദ്ദേശമുണ്ട്. ഇതിനു പുറമെ 5 ലക്ഷം ഓക്സിജൻ കിടക്കകളും, 10 ലക്ഷം കൊവിഡ് കിടക്കകളും സജ്ജമാക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.

ഐസിയു കിടക്കകളുടെ അഞ്ച് ശതമാനവും, മറ്റ് കിടക്കളുടെ 4 ശതമാനവും കുട്ടികളുടെ വാർഡിനു വേണ്ടി മാറ്റി വെക്കണമെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ട്. മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതൽ ബാധിക്കുക എന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിലാണിത്. കേരളത്തിൽ 5137 കിടക്കകളെങ്കിലും സജ്ജമായിരിക്കണമെന്നാണ് സമിതിയുടെ കണക്ക് കൂട്ടൽ. ഉത്തർപ്രദേശിൽ 33,000 കിടക്കകൾ സജ്ജമാക്കാനാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. 

രാജ്യത്ത് വാക്സീനേഷൻ നടപടികൾ പുരോഗമിക്കുകയാണ്. ഇത് വരെ 43,31,50,864 ഡോസ് വാക്സീൻ നൽകിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 

click me!