പെഗാസസ്; 'കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം', സുപ്രീംകോടതിയെ സമീപിച്ച് ജോണ്‍ ബ്രിട്ടാസ്

By Web TeamFirst Published Jul 24, 2021, 10:40 PM IST
Highlights

പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് സമൂഹത്തിന്റെ വിവിധ തലത്തിലുളള അറുപതിലധികം സ്ത്രീകളുടെ ഫോൺ ചോർത്തിയെന്നാണ് വെളിപ്പെടുത്തൽ.

ദില്ലി: പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. സിപിഎം രാജ്യസഭ എംപി ജോൺ ബ്രിട്ടാസാണ് ഹർജി നൽകിയത്. കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണം എന്നാവശ്യപ്പെട്ടാണ് ഹർജി. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെയും, മൗലികാവകാശത്തിന്‍റെയും ലംഘനമാണ് നടന്നിരിക്കുന്നത് എന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. സുപ്രീംകോടതി ഇടപെടൽ തേടി നേരത്തെ അഭിഭാഷകനായ എംഎൽ ശർമ്മ കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിരുന്നു.

ചാര സോഫ്റ്റ്‍വെയറിലൂടെ കേന്ദ്ര മന്ത്രിമാര്‍, നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് മുന്‍പ് ഫേസ്ബുക്കില്‍ കുറിച്ചത്. വാർത്ത പുറത്തുവന്ന നിമിഷത്തിൽ തന്നെ തങ്ങൾക്ക് പങ്കില്ലെന്ന് കേന്ദ്രസർക്കാർ നിഷേധ കുറിപ്പിലൂടെ പറഞ്ഞു. ഇത് ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ള തന്ത്രമാണ്. അമിത് ഷായുടെ പുത്രൻ ജയ്ഷായുടെ ബിസിനസ് സംരംഭങ്ങളെക്കുറിച്ച് വാർത്തകൾ എഴുതിയ പത്രപ്രവർത്തകയുടെ ഫോൺ ചോർത്താൻ ഇന്ത്യൻ സർക്കാരിന് അല്ലാതെ മറ്റാർക്കാണ് താല്‍പ്പര്യമെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചിരുന്നു.

അതേസമയം പെഗാസസില്‍ പുതിയ വെളിപ്പെടുത്തലാണ് ദി വയര്‍ പുറത്തുവിട്ടിരിക്കുന്നത്. പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് സമൂഹത്തിന്‍റെ വിവിധ തലത്തിലുളള അറുപതിലധികം സ്ത്രീകളുടെ ഫോൺ ചോർത്തിയെന്നാണ് വെളിപ്പെടുത്തൽ. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, മാധ്യമ പ്രവർത്തകർ, അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ളവർ പട്ടികയിലുണ്ട്. രാഷ്ട്രീയ നേതാക്കളുടെ സുഹൃത്തുക്കളായ സ്ത്രീകളുടെയും ഫോൺ പെഗാസസ് ചോർത്തിയെന്ന് ദി വയർ റിപ്പോർട്ട് ചെയ്യുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!