
ദില്ലി: രാജ്യത്ത് ഈ വര്‍ഷം 4,622 പേര്‍ക്ക് മസ്തിഷ്കജ്വരം ബാധിച്ചതായി കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്. മസ്തിഷ്കജ്വരം ബാധിച്ചവരിൽ 360 പേര്‍ മരിച്ചെന്നും ഇതിൽ 302 പേർ ബിഹാർ, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചു.
ബിഹാറില്‍ 872 പേര്‍ക്കാണ് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. ഇതിൽ 176 പേർ രോഗബാധയെ തുടർന്ന് മരിച്ചു. അസമിൽ മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്ത 947 പേരിൽ 128 പേരാണ് മരിച്ചത്. ഉത്തര്‍പ്രദേശില്‍ 502 പേര്‍ക്കാണ് രോഗം പിടിപെട്ടത്. അതില്‍ 21 പേര്‍ മരിച്ചു. പശ്ചിമബംഗാളില്‍ 464 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 30 പേര്‍ മരണത്തിന് കീഴടങ്ങി.
എന്നാല്‍ ഒഡീഷയില്‍ 611 പേര്‍ക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചപ്പോള്‍ അതില്‍ ഒരാള്‍ മാത്രമാണ് മരിച്ചത്. തമിഴ്നാട്ടില്‍ 348 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും മുഴുവനാളുകളും ജീവിതത്തിലേക്ക് തിരിച്ചുവന്നു. കര്‍ണാടകയില്‍ 182 പേര്‍ക്കും മേഘാലയയില്‍ 101 പേര്‍ക്കും ത്രിപുരയില്‍ 87 പേര്‍ക്കും രോഗം സ്ഥിരീകരിച്ചെങ്കിലും മുഴുവനാളുകളുടെയും രോഗം ചികില്‍സിച്ച് ഭേദമാക്കാനായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികളടക്കം മരിച്ച ബിഹാറിലെ മുസഫര്‍പൂരില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ വിശദമായ പഠനം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ രോഗം ബാധിച്ചവരില്‍ ബഹുഭൂരിപക്ഷം പേരും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ ബിഹാറിലും ആസ്സാമിലും ഇത്രയേറെ പേര്‍ എങ്ങനെ മരിച്ചു എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. കേരളത്തില്‍ ഒരിടത്തുപോലും ഇത്തവണ മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാർ ചൗബേ ലോക്സഭയെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam