
വഡോദര: വഡോദരയിലെ (Vadodara) കെമിക്കല്‍ ഫാക്ടറിയില്‍ (Chemical factory) പൊട്ടിത്തെറി (Blast). അപകടത്തില്‍ നാല് വയസ്സുകാരിയടക്കം നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മകര്‍പുര വട്‌സറിലെ കാന്റണ്‍ ലബോറട്ടറീസിലാണ് വെള്ളിയാഴ്ച രാവിലെ പത്തോടെ അപകടമുണ്ടായത്. എസ് എസ് ജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നാല് പേരും മരിച്ചത്. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. വഡോദര എസ് പി ശംസേര്‍ സിങ്, മേയര്‍ കേയൂര്‍ റൊകാഡിയ, കോര്‍പറേഷനിലെ പ്രതിപക്ഷ നേതാവ് അമിത് റാവത്ത് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. 1981ല്‍ സ്ഥാപിച്ച ഫാക്ടറിയില്‍ ഫോട്ടോഗ്രഫി, ഫാര്‍മസ്യൂട്ടിക്കല്‍, വെറ്ററിനറി എന്നിവക്കുള്ള രാസപദാര്‍ത്ഥങ്ങളാണ് നിര്‍മിക്കുന്നത്.
ലുധിയാന കോടതിയില്‍ സ്‌ഫോടനം നടത്തിയത് മുന്‍ പൊലീസുദ്യോഗസ്ഥന്‍, ഇയാള്‍ കൊല്ലപ്പെട്ടു
ദില്ലി: പഞ്ചാബിലെ ലുധിയാന കോടതിയിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ (Ludhiana Blast)മുൻ പൊലീസ് ഉദ്യോഗസ്ഥനെന്ന് അന്വേഷണ സംഘം. സ്ഫോടനത്തിൽ കൊല്ലപ്പെട്ട പൊലീസ് മുൻ ഹെഡ് കോൺസ്റ്റബിൾ ഗഗൻ ദീപ് സിംഗാണ് സ്ഫോടനം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഗഗൻ ദീപ് സിംഗിന്റെ ശരീരം സ്ഫോടനത്തിൽ തിരിച്ചറിയാത്ത വിധം ചിതറിപ്പോയിരുന്നു. സ്ഥലത്ത് നിന്ന് ലഭിച്ച തകർന്ന ഫോണും സിം കാർഡുമാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. ഗഗൻ ദീപിനെ 2019 ൽ പൊലീസ് സർവീസിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. ഇയാൾ മയക്ക് മരുന്ന് കേസിൽ രണ്ട് വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
ഗഗൻ ദീപ് സിംഗുമായി ബന്ധപ്പെട്ട എട്ട് പേരെ പൊലീസ് ചോദ്യം ചെയ്തു. എന്നാൽ ഇയാൾക്ക് എന്തെങ്കിലും ഭീകര സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സ്ഫോടനത്തിൽ കൊല്ലപ്പെട്ടയാളാണ് കോടതി സമുച്ചയത്തിൽ ബോംബ് സ്ഥാപിച്ചതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒടുവിൽ ആളെ തിരിച്ചറിയുകയായിരുന്നു.
സ്ഫോടനത്തിന് സംസ്ഥാനത്തെ ലഹരി മാഫിയയുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി നേരത്തെ പറഞ്ഞു. എന്നാൽ ഭീകര സംഘടനകളുടെ പങ്ക് തള്ളാനാവില്ലെന്ന നിലപാടായിരുന്നു അന്വേഷണ ഏജൻസികൾക്ക്. ലുധിയാന സ്ഫോടനത്തിന് പിന്നാലെ എൻഐഎ, എന്‍എസ്ജി സംഘങ്ങൾ സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മാരക സ്ഫോടക വസ്തുവാണ് ഉപയോഗിച്ചതെന്നാണ് വിവരം. ഇത് സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് തയ്യാറാക്കും. ഇന്നലെ കോടതിയിൽ നടന്ന സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അഞ്ച് പേർക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ശുചിമുറി പൂർണ്ണമായി തകർന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam