
ലക്നൗ: പ്രഭാത നടത്തത്തിനായി പോയ ഹിന്ദു മഹാസഭ ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. സബ് ഇന്‍സ്പെക്ടര്‍ അടക്കമുള്ള നാലുപേര്‍ക്കാണ് സസ്പെന്‍ഷന്‍. ഇന്ന് രാവിലെയാണ് ഹിന്ദു മഹാസഭ ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് ബച്ചന്‍ തലയ്ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിനും വെടിവയ്പില്‍ പരിക്കേറ്റിരുന്നു.
പൊലീസിന്‍റെ ചുമതല കൃത്യമായി പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സസ്പെന്‍ഷന്‍. യുപി സര്‍ക്കാര്‍ കൂടുതല്‍ അധികാരം പൊലീസിന് നല്‍കുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് ലക്നൗ പൊലീസ് കമ്മീഷണര്‍ പറഞ്ഞു. രഞ്ജിതിന് ആരില്‍ നിന്നെങ്കിലും ഭീഷണിയുണ്ടായിരുന്നോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വിശദമാക്കി. എട്ട് ക്രൈം ബ്രാഞ്ച് ടീമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നതെന്ന് ലക്നൗ കമ്മീഷണര്‍ വ്യക്തമാക്കി. രണ്ടു ഭാര്യമാരുള്ള രഞ്ജിത് ആദ്യ ഭാര്യയോടും രണ്ടാം ഭാര്യയില്‍ നിന്നുള്ള മൂന്ന് വയസുകാരിയായ മകള്‍ക്കുമൊപ്പമായിരുന്നു താമസം. 2017ല്‍ രഞ്ജിതിനെതിരെ സഹോദര ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന കേസുണ്ടായിരുന്നു.
ലക്നൗവിലെ ഹസ്രത്ഗഞ്ചില്‍ സിഡിആര്‍ഐ ബില്‍ഡിംഗിന് സമീപത്ത് വച്ചാണ് രഞ്ജിതിനെതിരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ സംഘം രഞ്ജിത്തിന് നേര്‍ക്ക് സംഘം വെടിയുതിര്‍ക്കുകയായിരുന്നു. അജ്ഞാതരാണ് വെടിവെച്ചതെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ലക്നൗ സെന്‍ട്രല്‍ ഡിസിപി ദിനേശ് സിംഗ് പറഞ്ഞു. ഹിന്ദു മഹാസഭയില്‍ എത്തുന്നതിന് മുമ്പ് രഞ്ജിത് സമാജ്‍വാദി പാര്‍ട്ടി നേതാവായിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമാജ്‍വാദി പാര്‍ട്ടി രംഗത്ത് വന്നു. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്ന നിലയിലാണെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സമാജ്‍വാദി പാര്‍ട്ടി ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam