
ദില്ലി: ജമ്മു കശ്മീരിൽ ശക്തമായി തിരിച്ചടിച്ച് സുരക്ഷ സേന. രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിലും അവന്തിപ്പോരയിലുമാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. മൂന്ന് ദിവസത്തിനിടെ 10 ഭീകരരെയാണ് സുരക്ഷ സേന വധിച്ചത്.
അവന്തിപ്പോരയിൽ നടന്ന ഏറ്റുമുട്ടലിൽ കശ്മീരി ടെലിവിഷൻ താരം അമീരാ ഭട്ടിന്‍റെ കൊലപാതകികളെ സൈന്യം വധിച്ചത്. ലഷ്കർ ഭീകരരായ ഷാക്കിർ അഹമ്മദ് വാസ, അഫ്റീൻ മാലിക്ക് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെത്തി. സുരക്ഷാ സേനയും ജമ്മു കശ്മീർ പൊലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.
ബാരാമുള്ളയില്‍ കഴിഞ്ഞ ദിവസം ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പാക്കിസ്ഥാനി ഭീകരരെ വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചു. മാസങ്ങളായി മേഖലയില്‍ തുടരുകയായിരുന്ന ഭീകരെയാണ് വധിച്ചതെന്നും, ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തെന്നും കശ്മീർ ഐജിപി വിജയ് കുമാർ പറഞ്ഞു. ക്രീരി മേഖലയിലെ നജിഭത്ത് ക്രോസിങ്ങില്‍ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ശ്രീനഗറില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വീടിന് മുന്നിലിട്ട് വെടിവച്ചു കൊന്നിരുന്നു.