ഗുജറാത്തിലെ വഡോദരയിൽ വർ​ഗീയ സംഘർഷം, 40 പേർ അറസ്റ്റിൽ

By Web TeamFirst Published Oct 4, 2022, 11:17 AM IST
Highlights

മതചിഹ്നമുള്ള പതാക സമീപത്തെ മറ്റൊരു ആരാധനാലയത്തിന്റെ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് വഡോദര റൂറൽ പൊലീസ് മേധാവി പിആർ പട്ടേൽ പറഞ്ഞു.

വഡോദര: ​ഗുജറാത്തിലെ പ്രധാനന​ഗരമായ വഡോദരയിൽ വർ​ഗീ‌‌യ സംഘർഷം. സംഭവത്തിൽ 40 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് ഇരുവിഭാ​ഗത്തിൽപ്പെട്ടവർ ഏറ്റുമുട്ടിയത്. വഡോദരയിലെ സാവ്‌ലി ടൗണിലെ പച്ചക്കറി മാർക്കറ്റിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഒരുവിഭാ​ഗത്തിന്റെ ഉത്സവം അടുത്തിരിക്കെ, അവരുടെ മതചിഹ്നമുള്ള പതാക സമീപത്തെ മറ്റൊരു ആരാധനാലയത്തിന്റെ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് വഡോദര റൂറൽ പൊലീസ് മേധാവി പിആർ പട്ടേൽ പറഞ്ഞു. ഇലക്ട്രിക് പോസ്റ്റിൽ കൊടി കെട്ടിയത് ചോദ്യം ചെയ്യാൻ മറ്റൊരു സംഘം എത്തിയതോടെ കല്ലേറും സംഘർഷവുമുണ്ടായെന്നും പൊലീസ് വ്യക്തമാക്കി. 

കല്ലേറിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുഭാഗത്തുമുള്ള പ്രതികളായ 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പട്രോളിങ് ശക്തമാക്കിയെന്നും സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമായെന്നും വഡോദര പൊലീസ് വ്യക്തമാക്കി. 

 

Gujarat | Communal clash broke out at a vegetable market in Savli town of Vadodara on Oct 3; 40 arrested

A Muslim festival is coming up, owing to which a local group had tied their religious flag on an electronic pole. There is a temple nearby...: PR Patel, Vadodara Rural Police pic.twitter.com/L2ju4m79On

— ANI (@ANI)

 

തിങ്കളാഴ്ച ഖേഡയിലും സംഘർഷമുണ്ടായി. നവരാത്രി ആഘോഷത്തിനിടെ ഗർബ ചടങ്ങിന് നേരെയുണ്ടായ കല്ലേറിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു. ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. ഗ്രാമത്തിലെ പ്രധാന കേന്ദ്രമായ ജങ്ഷനിലാണ് ഗർബ പരിപാടി സംഘടിപ്പിച്ചത്. അതിനടുത്തായി ഒരു ക്ഷേത്രവും പള്ളിയുമുണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ മറ്റൊരു സമുദായത്തിൽപ്പെട്ട സംഘം സ്ഥലത്തെത്തി പരിപാടി നിർത്താൻ ആവശ്യപ്പെട്ടു. തുടർന്നാണ് കല്ലേറുണ്ടായത്.

പ്രദേശവാസികളായ ആരിഫ്, സാഹിർ എന്നിവരാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. ആദ്യം പരിപാടിക്കിടെ സംഘം ശല്യമുണ്ടാക്കാൻ തുടങ്ങി. പിന്നീട് അവർ കല്ലേറുണ്ടായി. സംഭവത്തിൽ അതിൽ 6 പേർക്ക് പരിക്കേറ്റെന്നും ഡിഎസ്പി രാജേഷ് ഗാധിയ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്നും കർശന നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. ഗ്രാമത്തിൽ പൊലീസിനെ വിന്യസിക്കുകയും ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തെന്നും പൊലീസ് പറഞ്ഞു.

click me!