ജനപ്രതിനിധികള്‍ക്കെതിരെയുള്ള 4500ഓളം കേസുകള്‍ കെട്ടിക്കിടക്കുന്നു; ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി

By Web TeamFirst Published Sep 11, 2020, 9:55 AM IST
Highlights

4442 കേസുകളാണ് ജനപ്രതിനിധികള്‍ക്കും മുന്‍ ജനപ്രതിനിധികള്‍ക്കുമെതിരെ കോടതിയിലുള്ളത്. ഇതില്‍ 174 കേസുകള്‍ ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്നതാണ്.
 

ദില്ലി: രാജ്യത്ത് ജനപ്രതിനിധികള്‍ക്കും മുന്‍ ജനപ്രതിനിധികള്‍ക്കുമെതിരെയുള്ള 4500ഓളം ക്രിമിനല്‍ കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. 24 ഹൈക്കോടതികളിലെ വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്. സംഭവം ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജനപ്രതിനിധികളുടെ സ്വാധീനത്താല്‍ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയുള്ള പല കേസുകളും പ്രാരംഭ ഘട്ടത്തില്‍ നിന്ന് മുന്നോട്ടുപോയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

'4442 കേസുകളാണ് ജനപ്രതിനിധികള്‍ക്കും മുന്‍ ജനപ്രതിനിധികള്‍ക്കുമെതിരെ കോടതിയിലുള്ളത്. ഇതില്‍ 174 കേസുകള്‍ ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്നതാണ്'- എന്‍വി രമണ തലവനായ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. 352 കേസുകളിലെ വിചാരണ സുപ്രീം കോടതിയോ ഹൈക്കോടതിയെ സ്‌റ്റേ ചെയ്തിരിക്കുകയാണ്. പഞ്ചാബിലും ബംഗാളിലും 1981ലും 1983ലും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വരെയുണ്ട്. ഉത്തര്‍പ്രദേശില്‍ 1991ല്‍ രജിസ്റ്റര്‍ ചെയ്ത കേസും കെട്ടിക്കിടക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. 

ബിജെപി നേതാവ് അശ്വനികുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്. ശിക്ഷിക്കപ്പെട്ട ആളുകളെ ആജീവാനന്തം തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി നേതാവ് കോടതിയെ സമീപിച്ചത്. നിലവില്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ആറു വര്‍ഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്ക്. 

ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി രാജ്യത്തെ ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകളുടെ വിവരങ്ങള്‍ സുപ്രീം കോടതികളില്‍ നിന്ന് തേടിയിരുന്നു. വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങളില്‍പ്പെട്ടവരുടെ വിവരങ്ങളും തേടിയിട്ടുണ്ട്. ഈ വിവരങ്ങള്‍ ഉടന്‍ കൈമാറുമെന്ന് അമിക്കസ് ക്യൂറി വിജയ് ഹന്‍സാരിയ കോടതിയെ അറിയിച്ചു. 
 

click me!