
ബെംഗളൂരു: കുടുംബത്തിനായി വീട് നിർമിക്കുക എന്ന സ്വപ്നം സാധ്യമാക്കാനാകാതെ 45കാരനായ ടെക്കി ജീവനൊടുക്കിയതിന് പിന്നിൽ അയൽവാസികളായ കുടുംബവും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഉദ്യോഗസ്ഥരുമെന്ന് ആത്മഹത്യാ കുറിപ്പ്. ഐടിപിഎല്ലിലെ ഒരു സ്വകാര്യ സോഫ്റ്റ്‌വെയർ സ്ഥാപനത്തിലെ ജീവനക്കാരൻ മുരളി ഗോവിന്ദരാജുവാണ് മരിച്ചത്. ബുധനാഴ്ച രാവിലെ നല്ലൂരഹള്ളിയിലെ നിർമ്മാണത്തിലിരുന്ന വീടിനുള്ളിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈറ്റ്ഫീൽഡിലെ ബ്രൂക്ക്ബോംഗ് ലേഔട്ടിൽ താമസിച്ചിരുന്ന ഇദ്ദേഹത്തിന് പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളുണ്ട്.
മരണത്തിന് പിന്നാലെ ആത്മഹത്യാ പ്രേരണ, പണം തട്ടൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മുരളിയുടെ അയൽവാസികളായ ശശി നമ്പ്യാർ (64), ഭാര്യ ഉഷ (57) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മുരളിയുടെ അമ്മ നൽകിയ പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരുടെ മകനും കേസിലെ മറ്റൊരു പ്രതിയുമായ വരുൺ ഒളിവിലാണ്. ശശിയെയും ഉഷയെയും കോടതി റിമാൻ്റ് ചെയ്തു. ശശിയും ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഉദ്യോഗസ്ഥരും ചേർന്ന് തൻ്റെ വീട് നിർമ്മാണം മുടക്കിയെന്നും ഇത് പരിഹരിക്കാൻ 20 ലക്ഷം രൂപയും ആവശ്യപ്പെട്ടെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആത്മഹത്യാക്കുറിപ്പിൽ മുരളി ആരോപിച്ചിരുന്നു.
ശശിയുടെ ബന്ധുവിൽ നിന്നാണ് 2018 ൽ മുരളി സ്ഥലം വാങ്ങിയത്. പിന്നാലെ ഇവിടെ വീട് നിർമ്മാണത്തിനും ശ്രമം തുടങ്ങി. ഈ ഘട്ടത്തിലാണ് ശശിയും ഭാര്യയും മുരളിയോട് 20 ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇത് നൽകാൻ വിസമ്മതിച്ചതോടെ ബിബിഎംപി ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു. ഇവർ സ്ഥലം പരിശോധിക്കാനെത്തി. ചട്ടങ്ങൾ ലംഘിച്ച് വീട് പണിയുന്നുവെന്ന ആരോപണത്തിലായിരുന്നു പരാതി. അതിനാൽ തന്നെ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയതോടെ പണി മുടങ്ങി. ഏഴ് വർഷത്തിന് ശേഷവും പ്രശ്നങ്ങളിൽ പരിഹാരമില്ലാതെ വന്നതോടെയാണ് മുരളി മനം മടുത്ത് ജീവനൊടുക്കിയതെന്നാണ് അമ്മ പരാതിയിൽ പറയുന്നത്.
ശശിയും ഭാര്യ ഉഷയും സമാനമായ നിലയിൽ പലരെയും ഭീഷണിപ്പെടുത്തി പണം തട്ടാറുണ്ടെന്നാണ് ആരോപണം ഉന്നയിക്കുന്നത്. ആക്ടിവിസത്തിൻ്റെ മറവിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് ഉയരുന്ന ആരോപണം. ബിബിഎംപി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇന്നലെ നേരിട്ട് ഹാജരാകാൻ മുരളിക്ക് ലഭിച്ച നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ ദിവസമാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമാനമായ നിലയിൽ ശശി, ഉഷ എന്നിവരിൽ നിന്ന് ഭീഷണി നേരിട്ടവർ പരാതിയുമായി മുന്നോട്ട് വരണമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam