
ദില്ലി: നേരത്തെ കേന്ദ്ര സർക്കാർ നിരോധിച്ച 59 ആപ്പുകളുടെ 47 ക്ലോൺ പതിപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. ക്ലോൺ പതിപ്പുകൾ പ്ലേ സ്റ്റോറുകളിൽ ഉൾപ്പെടെ ലഭ്യമായ സാഹചര്യത്തിലാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. ഇവയ്ക്ക് പുറമേ 275 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ട്.
വ്യക്തി വിവരങ്ങൾ ഉൾപ്പെടെ ചോർത്തുന്നതും ദേശീയ സുരക്ഷക്കും വെല്ലുവിളിയാകുന്നുവെന്ന് കണ്ടെത്തിയ 275 ആപ്പുകളുടെ പട്ടിക കേന്ദ്ര ഐടി മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയെന്നാണ് റിപ്പോർട്ട്. പബ്ജിക്ക് പുറമേ ലുഡോ വേൾഡ്,സിലി, 141 എംഐ ആപ്പുകൾ, കാപ്പ്കട്ട്, ഫേസ്‌യു എന്നിവയും ഇത്തവണത്തെ നിരോധന പട്ടികയിൽ ഇടം നേടിയെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
ടെക്ക് ഭീമന്മാരായ മെയ്റ്റു, എൽബിഇ ടെക്ക്, പെർഫക്ട് കോർപ്, സിന കോർപ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബൽ എന്നിവരുടെ ആപ്പുകളും പട്ടികയിലുണ്ട് .ചൈനീസ് കമ്പനികൾക്ക് 300 മില്യൺ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ സ്മാർട്ട് ഫോൺ ഉപഭോക്താക്കളിൽ നല്ലൊരു വിഭാഗവും ചൈനീസ് ആപ്പുകളുടെ ഉപഭോക്താക്കളാണ്. ഇതിനു പുറമേ ചൈനീസ് നിക്ഷേപമുള്ള രാജ്യത്ത് പ്രവർത്തിക്കുന്ന കമ്പനികളും കേന്ദ്രസർക്കാരിന്റെ നീരീക്ഷണത്തിലാണ്. ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെയാണ് ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ഇന്ത്യ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam