
ദില്ലി: മാസങ്ങള്‍ക്ക് മുമ്പാണ് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ശശികലയ്ക്ക് സഹോദരനെ നഷ്ടമായത്. എന്നാല്‍ വിവാഹ ദിവസം അവളുടെ കൈപിടിച്ച് നല്‍കാന്‍ സഹോദരന്‍റെ സ്ഥാനത്ത് അവര്‍ 50 പേരെത്തി. വീരമൃത്യു വരിച്ച സഹപ്രവര്‍ത്തകന്‍റെ സഹോദരിയുടെ വിവാഹത്തിനാണ് സഹപ്രവര്‍ത്തകരായ 50 കമാന്‍ഡോകള്‍ എത്തിയത്.
2017- നവംബറില്‍ ജമ്മു കശ്മീരിലെ ബന്ദിപ്പുരയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഐഎഎഫ് ഗരുഡ് കമാന്‍ഡോ ജ്യോതി പ്രകാശ് നിരാല കൊല്ലപ്പെടുന്നത്. എന്നാല്‍ ജ്യോതി പ്രകാശ് നിരാലയുടെ സഹോദരി ശശികലയുടെ വിവാഹത്തിന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടിലെത്തിയ 50 കമാന്‍ഡോകള്‍ വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം ഭംഗിയായി നിര്‍വഹിച്ചു.
വധുവിന്‍റെ കാല്‍പ്പാദങ്ങള്‍ നിലത്ത് പതിയാതിരിക്കാന്‍ 50 പേരും മുട്ടുകുത്തി ശശികലയുടെ ചുവടുകള്‍ കൈകളില്‍ ഏറ്റുവാങ്ങിയാണ് മണ്ഡപത്തിലേക്ക് ആനയിച്ചത്. കമാന്‍ഡോകള്‍ ചേര്‍ന്ന് സമാഹരിച്ച അഞ്ച് ലക്ഷം രൂപയും ഇവര്‍ വിവാഹത്തിനായി നല്‍കിയിരുന്നു.
മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരടങ്ങുന്ന കുടുംബത്തിന്‍റെ ആശ്രയമായിരുന്നു ജ്യോതി പ്രകാശ് നിരാല. ജ്യോതി തങ്ങളുടെ സഹോദരനാണെന്നും അദ്ദേഹത്തിന്‍റെ സഹോദരിയുടെ വിവാഹം തങ്ങളുടെ ഉത്തരവാദിത്വമാണെന്നും കമാന്‍ഡോകള്‍ അഭിപ്രായപ്പെട്ടു. ഒരു മകനെ നഷ്ടപ്പെട്ടപ്പോള്‍ 50 മക്കളെ ലഭിച്ചെന്നായിരുന്നു ജ്യോതി പ്രകാശ് നിരാലയുടെ മാതാപിതാക്കളുടെ പ്രതികരണം. 2018-ല്‍ ജ്യോതി പ്രകാശ് നിരാലയ്ക്ക് മരണാനന്തര ബഹുമതിയായി അശോകചക്ര നല്‍കി രാജ്യം ആദരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam