
ഭോപ്പാൽ: മന്ത്രിവാദം ചെയ്യാനായി മരിച്ച സ്ത്രീകളുടെ കുഴിമാടം തുറന്ന 50 വയസുകാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ മുന്ദ്വാര ഗ്രാമവാസിയായ അയൂബ് ഖാനൻ ആണ് സ്ത്രീകളുടെ ശവകുടീരങ്ങൾ തുറന്ന കുറ്റത്തിന് അറസ്റ്റിലായത്. ഈ വർഷം മേയ്, സെപ്റ്റംബർ മാസങ്ങളിലാണ് സംഭവം. രണ്ടുതവണയാണ് ഇയാൾ മുന്ദ്വാര ഗ്രാമത്തിലെ ശ്മശാനത്തിൽ ആറ് സ്ത്രീകളുടെ ശവകുടീരങ്ങൾ തുറന്നത്. മരിച്ച സ്ത്രീകളുടെ മുടി കൈക്കലാക്കാനാണ് ഇയാൾ ഈ പ്രവൃത്തി ചെയ്തതെന്നാണ് വിവരം.
മരിച്ച സ്ത്രീകളുടെ മുടി ഉപയോഗിച്ച് അമാവാസി ദിവസം മന്ത്രവാദം ചെയ്താൽ ശക്തി ഇരട്ടിക്കുമെന്ന് അയൂബ് വിശ്വസിച്ചിരുന്നു. ജയിലിലെ സഹതടവുകാരനാണ് ശക്തി വർധിപ്പിക്കുന്നതിനായി ഇങ്ങനെ ചെയ്യാൻ അയൂബിനെ ഉപദേശിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. പകൽ സമയം ശ്മശാനത്തിൽ എത്തി സ്ത്രീകളുടെ കുഴിമാടങ്ങൾ കണ്ടെത്തിയ ശേഷമാണ് അയൂബ് രാത്രി കുഴിമാടങ്ങൾ തുറക്കാനെത്തിയത്. പ്രതി ശവക്കുഴികൾ തുറക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
2010ൽ തന്‍റെ രണ്ട് ഭാര്യമാരെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിലിൽ ആയിരുന്നു അയൂബ് ഖാൻ. കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയപ്പോഴാണ് ഇയാൾ സ്ത്രീകളുടെ ശവകുടീരങ്ങൾ തുറന്ന് മുടി മുറിച്ചെടുത്തത്. ഇരട്ട കൊലക്കേസിൽ ഇൻഡോർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന അയൂബ് അഞ്ച് മാസം മുമ്പാണ് മോചിതനായത്. നല്ല നടപ്പിനെ തുടർന്ന് അയൂബിന് ശിക്ഷ ഇളവ് ലഭിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam