
ബെംഗളൂരു: ഒന്നര വർഷത്തെ വിലക്കിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഓൺലൈൻ ഗെയിം കളിക്കാൻ പണം ആവശ്യപ്പെട്ട് വീട്ടുകാരുമായി ബഹളമുണ്ടാക്കി കൗമാരക്കാരൻ. സഹോദരിയുടെ മകനെ കട്ടിലിൽ കെട്ടിയിട്ട് കഴുത്തറുത്ത് കൊന്ന് 50കാരൻ. ബെംഗളൂരുവിലെ വിനായക നഗറിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നാലെ നാട് വിടാൻ ശ്രമിച്ച് പണമില്ലാതെ വന്നതോടെ മൂന്ന് ദിവസം അലഞ്ഞ് നടന്ന ശേഷം അൻപതുകാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഓഗസ്റ്റ് നാലിനാണ് 14കാരനായ അമോഗ് കീർത്തി കൊല്ലപ്പെട്ടത്. രാത്രിയിൽ ഫ്രീ ഫയർ എന്ന ഓൺലൈൻ ഗെയിമിനായി പണം നൽകിയില്ലെന്ന പേരിൽ അമ്മാവനായ ജി ആർ നാഗപ്രസാദിനോട് അടക്കം വലിയ രീതിയിൽ തർക്കിച്ച ശേഷമാണ് അമോഗ് കിടന്നുറങ്ങാൻ പോയത്. ഓൺലൈൻ ഗെയിമിന് കൗമാരക്കാരൻ അടിമയായതിന് പിന്നാലെ വീട്ടിലെ പതിവ് കാഴ്ചയായി ഇത്തരം വാക്കേറ്റം മാറിയിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായ 50കാരന് 14കാരന് ആവശ്യപ്പെട്ട തുക നൽകാനായിരുന്നില്ല. ഓഗസ്റ്റ് നാലിന് പുലർട്ടെ അഞ്ച് മണിയോടെ 14കാരനെ കട്ടിലിൽ കെട്ടിയിട്ട ശേഷമാണ് 50കാരൻ കഴുത്തറുത്തത്. അടുക്കളയിൽ ഉപയോഗിച്ചിരുന്ന കത്തിയുപയോഗിച്ചായിരുന്നു കൊലപാതകം.
കത്തി കഴുകി തിരിച്ച് വച്ചതിന് പിന്നാലെ തുണി അടക്കമുള്ള സാധനങ്ങളുമായി വീട്ടിൽ നിന്ന് ഇറങ്ങിയ 50കാരൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചെങ്കിലും ആത്മഹത്യാശ്രമം ഉപേക്ഷിക്കുകയായിരുന്നു. മറ്റെവിടേക്കെങ്കിലും രക്ഷപ്പെടാനുള്ള ഉദ്ദേശത്തിൽ മജസ്റ്റിക്കിൽ എത്തിയെങ്കിലും കയ്യിൽ പണമില്ലാത്തതിനാൽ മൂന്ന് ദിവസത്തോളം നഗരത്തിലൂടെ അലഞ്ഞ് തിരിയുകയായിരുന്നു. ഇതിന് പിന്നാലെ സോലദേവനഹള്ളിയിലെ പൊലീസ് സ്റ്റേഷനിൽ ഓഗസ്റ്റ് 7ന് ഇയാൾ ഹാജരാവുകയായിരുന്നു. അമ്മ വിവാഹ മോചിതയായതിന് പിന്നാലെ അമോഗ് അമ്മാവനൊപ്പമായിരുന്നു താമസിച്ചിരുന്നത്. മകന്റെ അലസ മട്ടിലുള്ള ജീവിത ശൈലിയിൽ അച്ചടക്കം വരുത്താൻ ലക്ഷ്യമിട്ടാണ് അമോഗിന്റെ അമ്മ ശിൽപ മകനെ നാഗപ്രസാദിന്റെ ഒപ്പം നിർത്തിയത്. കോടതിയിൽ ഹാജരാക്കിയ നാഗപ്രസാദിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം