
ഗുവാഹത്തി: 2021 മെയ് മുതൽ വ്യത്യസ്ത സാഹചര്യങ്ങളിൽ അസം പൊലീസിന്റെ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെടുകയും 139 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സംസ്ഥാന സർക്കാർ ഗുവാഹത്തി ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് നടന്ന ഏറ്റുമുട്ടൽ കൊലകൾ വ്യാജമാണെന്ന ദില്ലി ആസ്ഥാനമായുള്ള അഭിഭാഷകനും ആക്ടിവിസ്റ്റുമായ ആരിഫ് ജ്വാദർ നൽകിയ പൊതുതാൽപ്പര്യ ഹർജിയിൽ കോടതിയുടെ നിർദേശത്തെ തുടർന്നാണ് ചൊവ്വാഴ്ച ആഭ്യന്തര വകുപ്പിന്റെ സത്യവാങ്മൂലം സമർപ്പിച്ചത്.
സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ ദേവജിത് സൈകിയ കോടതിയിൽ ഹാജരായി. ആഭ്യന്തര വകുപ്പ് സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം ഒരു പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചവർ കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. ചിലർക്ക് കാലിൽ വെടിയേറ്റു. ചില കേസുകളിലെ പ്രതികൾ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ പൊലീസ് വാഹനങ്ങൾ ഇടിച്ച് മരിച്ചു.
വ്യാജ ഏറ്റുമുട്ടലുകളിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആരിഫ് ജ്വാദർ ആവശ്യപ്പെട്ടു. സിബിഐ പ്രത്യേക സംഘമോ, മറ്റൊരു സംസ്ഥാനത്തുനിന്നുള്ള പൊലീസ് സംഘമോ കേസ് അന്വേഷിക്കണമന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. വ്യാജ ഏറ്റുമുട്ടലുകൾ തിരിച്ചറിഞ്ഞാൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
"പൊലീസ് ഉദ്യോഗസ്ഥർക്ക് കൊല്ലാനുള്ള ലൈസൻസ് ഇല്ല, ക്രിമിനൽ നടപടി ക്രമത്തിന്റെ മുഴുവൻ ആശയവും കുറ്റവാളികളെ പിടികൂടി അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നതാണ്. അവരെ കൊല്ലാനല്ല, നീതി നടപ്പാക്കാൻ വേണ്ടി" ആരിഫ് ജ്വാദർ തന്റെ പൊതുതാൽപര്യ ഹർജിയിൽ പറഞ്ഞു. ഹർജി അടുത്ത ജൂലൈ 29 ന് പരിഗണിക്കും.
ദേശീയ മനുഷ്യാവകാശ കമ്മീഷനും സമാനമായ പരാതി ജ്വാദർ നേരത്തെ നൽകിയിരുന്നു. സംസ്ഥാന പൊലീസിൽ നിന്ന് ആക്ഷൻ ടേക്കൺ റിപ്പോർട്ട് (എടിആർ) കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഏറ്റുമുട്ടൽ സമയത്ത് ഇരകൾ നിരായുധരും കൈവിലങ്ങുകളുള്ളവരുമായിരുന്നു. കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തവർ ഭയങ്കര കുറ്റവാളികൾ ആയിരുന്നില്ല," അദ്ദേഹം ആരോപിച്ചു
ഏറ്റുമുട്ടലിലൂടെ ആളുകളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്യുകയാണ് ബിജെപി സർക്കാരെന്ന് ആരോപിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കഴിഞ്ഞ വർഷം മെയ് 10 ന് അധികാരമേറ്റപ്പോൾ, തീവ്രവാദികൾ, മയക്കുമരുന്ന് വ്യാപാരികൾ, കള്ളക്കടത്തുക്കാർ, കൊലപാതകികൾ, കന്നുകാലികളെ കടത്തുന്നവർ, ബലാത്സംഗം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയിൽ കുറ്റാരോപിതർക്കെതിരെ "കർശന നടപടി" പ്രഖ്യാപിച്ചിരുന്നു.