സിആർപിഎഫ് ജവാന്മാർക്ക് നേരെ മാവോയിസ്റ്റ് ആക്രമണം; മൂന്ന് സൈനികർക്ക് വീരമൃത്യു

By Web TeamFirst Published Jun 21, 2022, 9:21 PM IST
Highlights

എഎസ്ഐ ശിശുപാൽ സിംഗ്, എഎസ്ഐ ശിവ് ലാൽ, കോൺസ്റ്റബിൾ ധർമേന്ദ്രകുമാർ സിംഗ് എന്നിവരാണ് മരിച്ചത്. 

ഭുവനേശ്വർ: ഛത്തീസ്ഗഡ്-ഒഡീഷ അതിർത്തിയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഛത്തീസ്ഗഡ്-ഒഡീഷ അതിർത്തിയിലെ നുവാപദയിൽ 19-ാം ബറ്റാലിയൻ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിന്റെ (സിആർപിഎഫ്) റോഡ് ഓപ്പണിംഗ് പാർട്ടിക്ക് (ആർഒപി) നേരെയാണ് ആക്രമണമുണ്ടായത്. 

ഒഡീഷയിലെ നുവാപദ ജില്ലയിലെ ബോഡൻ പോലീസ് സ്റ്റേഷന് കീഴിലുള്ള സഹജ്പാനി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. സൈന്യം തിരിച്ചടിച്ചതോടെ മാവോയിസ്റ്റുകൾ രക്ഷപ്പെട്ടു. എഎസ്ഐ ശിശുപാൽ സിംഗ്, എഎസ്ഐ ശിവ് ലാൽ, കോൺസ്റ്റബിൾ ധർമേന്ദ്രകുമാർ സിംഗ് എന്നിവരാണ് മരിച്ചത്. റോഡ് തുറക്കുന്നതിനായി ജവാന്മാർ ക്യാമ്പിലേക്ക് പോകുമ്പോൾ മഴ പെയ്തെന്നും മൂന്ന് ജവാൻമാരും ടാർപോളിനടിയിൽ മറഞ്ഞിരുന്നപ്പോൾ ഏകപക്ഷീയമായ ആക്രമണമുണ്ടാകുകയുമായിരുന്നെന്ന് സിആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു. മരിച്ച ജവാന്മാരിൽ നിന്ന് മൂന്ന് എകെ 47 തോക്കുകളും നക്സലുകൾ തട്ടിയെടുത്തു. നുവാപഡ എസ്പിയും സിആർപിഎഫിലെ മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 

click me!