
ദില്ലി: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഇന്ത്യക്ക് രണ്ട് വർഷത്തേക്ക് താൽക്കാലികാംഗത്വം നൽകുന്നതിനെ പിന്തുണച്ച് പാകിസ്ഥാനുൾപ്പടെയുള്ള 55 ഏഷ്യാ പസിഫിക് രാജ്യങ്ങൾ. ഇന്ത്യയുടെ വൻ നയതന്ത്ര വിജയമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ശക്തി പകരുന്നതാണ് ഈ നീക്കം.
2021 മുതൽ 2022 വരെ രണ്ട് വർഷത്തേക്ക് യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യക്ക് താൽക്കാലികാംഗത്വം നൽകുന്നതിനാണ് ഏഷ്യാ- പസിഫിക് രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിരിക്കുന്നത്. യുഎന്നിലെ ഇന്ത്യയുടെ മുഴുവൻ സമയപ്രതിനിധിയായ സയ്യിദ് അക്ബറുദ്ദീനാണ് ഇക്കാര്യം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്.
''ഐക്യത്തോടെ ഒരു പടി കൂടി മുന്നോട്ട്. യുഎന്നിലെ ഏഷ്യാ പസിഫിക് ഗ്രൂപ്പ്, 2021-22 -ൽ രണ്ട് വർഷത്തേക്ക് യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യക്ക് താൽക്കാലികാംഗത്വം നൽകുന്നതിനെ ഒന്നിച്ച് പിന്തുണച്ചിരിക്കുന്നു. ഗ്രൂപ്പിലെ 55 അംഗങ്ങൾക്കും നന്ദി'', സയ്യിദ് അക്ബറുദ്ദീൻ കുറിച്ചു.
ഇതിന് മുമ്പ് ഏഴ് തവണയാണ് ഇന്ത്യ യുഎൻ സുരക്ഷാ കൗൺസിലിൽ താൽക്കാലികാംഗത്വം നേടിയിട്ടുള്ളത്: 1950-51, 1967-68, 1972-73, 1977-78, 1984-85, 1991-92, 2011-12 എന്നീ വർഷങ്ങളിൽ ഇതു വരെ ഇന്ത്യക്ക് അംഗത്വം ലഭിച്ചു. താൽക്കാലികാംഗത്വത്തിന് പിന്തുണ തേടി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വിവിധ രാജ്യങ്ങളുമായി സംസാരിച്ചു വരികയായിരുന്നു. കഴിഞ്ഞ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലും അംഗരാജ്യങ്ങളോട് ഇന്ത്യ താൽക്കാലികാംഗത്വത്തിന് പിന്തുണ തേടിയിരുന്നു.
എന്നാൽ താൽക്കാലികാംഗത്വം പോര, സ്ഥിരാംഗത്വം തന്നെ വേണമെന്നാണ് ഇന്ത്യ പലപ്പോഴും ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam