പെഹ്ലുഖാന്‍ ആള്‍ക്കൂട്ട കൊല; ആറ് പ്രതികളെ ആല്‍വാര്‍ കോടതി വെറുതെവിട്ടു

By Web TeamFirst Published Aug 14, 2019, 8:18 PM IST
Highlights

പശുക്കടത്താരോപിച്ച് ഗോരക്ഷകർ എന്നവകാശപ്പെട്ട ആള്‍ക്കൂട്ടം 2017 ഏപ്രില്‍ ഒന്നിനാണ് പെഹ്ലുഖാനെ ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്നാം ദിവസം പെഹ്ലുഖാന്‍ ആശുപത്രിയില്‍ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്താരോപിച്ച് പെഹ്ലുഖാന്‍ എന്ന അമ്പത്തിയഞ്ചുകാരനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ ആറു പ്രതികളെ വെറുതെവിട്ടു. സംശയത്തിന്‍റെ ആനുകൂല്യത്തിലാണ് പ്രതികളെ  വിചാരണ കോടതി വെറുതെ വിട്ടത്. പെഹ്ലുഖാനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൊണ്ടുമാത്രം കുറ്റം തെളിയിക്കാനാവില്ലെന്ന നിരീക്ഷണത്തോടെയാണ് ആല്‍വാറിലെ വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടത്.

പശുക്കടത്താരോപിച്ച് ഗോരക്ഷകർ എന്നവകാശപ്പെട്ട ആള്‍ക്കൂട്ടം 2017 ഏപ്രില്‍ ഒന്നിനാണ് പെഹ്ലുഖാനെ ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്നാം ദിവസം പെഹ്ലുഖാന്‍ ആശുപത്രിയില്‍ മരിച്ചു. ട്രക്കിൽ നിന്ന് വലിച്ചിഴച്ച്  മർദ്ദിക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഒമ്പത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

രണ്ടു കുട്ടികളുടെ വിചാരണ ജ്യുനൈല്‍ കോടതിയില്‍ നടക്കും. പ്രതികളിലൊരാള്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു. ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയും പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ടും തമ്മിലുള്ള  വൈരുധ്യവും പ്രതികള്‍ക്ക് തുണയായി. മരണകാരണം ഹൃദയാഘാതമെന്നാണ് ഡോക്ടർമാരുടെ മൊഴി. ശരീരത്തിലേറ്റ മർദ്ദനമാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. 

ആക്രമണ ദൃശ്യങ്ങളുടെ ആധികാരികതയും പ്രോസിക്യൂഷന് ബോധ്യപ്പെടുത്താനായില്ല. രഹസ്യ ദൃശ്യങ്ങൾ സമർപ്പിക്കാൻ അനുവദിക്കണമെന്ന വാദിഭാഗം  ആവശ്യവും കോടതി അംഗീകരിച്ചില്ല. വിചാരണക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പെഹ്ലൂഖാന്‍റെ അഭിഭാഷകന്‍ പറഞ്ഞു. സംഭവത്തിൽ ഏഴു കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. പെഹ്ലുഖാൻ വധക്കേസും മറ്റ് ആറെണ്ണം പശുക്കടത്തും. പശുക്കടത്ത് കേസിലെ കുറ്റപത്രത്തില്‍ പെഹ്ലുഖാനെയും പ്രതിചേര്‍ത്തത് വിവാദമായിരുന്നു.

click me!