സഞ്ജീവ് ഭട്ടിനെ കാണാന്‍ അനുവദിച്ചില്ല; ഹാര്‍ദിക് പട്ടേലും രണ്ട് എംഎല്‍എമാരും കസ്റ്റഡിയില്‍

By Web TeamFirst Published Aug 14, 2019, 5:16 PM IST
Highlights

ഹാര്‍ദിക് പട്ടേലും രണ്ട് എംഎല്‍എമാരും ഉള്‍പ്പെടെ 30 പേരാണ് സഞ്ജീവ് ഭട്ടിനെ സന്ദര്‍ശിക്കാനെത്തിയത്.

അഹമ്മദാബാദ്: തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ ഗുജറാത്ത് ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിനെയും രണ്ട് എംഎല്‍എമാരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞു.  ഗുജറാത്തിലെ പലാന്‍പൂരിലെ ജില്ലാ ജയിലില്‍ കഴിയുന്ന സഞ്ജീവ് ഭട്ടിനെ സന്ദര്‍ശിക്കാന്‍ എത്തിയ ഇവരെ വഴിയില്‍ തടഞ്ഞ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

ഹാര്‍ദിക് പട്ടേലും രണ്ട് എംഎല്‍എമാരും ഉള്‍പ്പെടെ 30 പേരാണ് സഞ്ജീവ് ഭട്ടിനെ സന്ദര്‍ശിക്കാനെത്തിയത്. എന്നാല്‍ പലാന്‍പൂര്‍ ജയിലിലെ ക്രമസമാധാന പാലനത്തിന്‍റെ ഭാഗമായാണ് സഞ്ജീവ് ഭട്ടിനെ കാണാനെത്തിയ 30 ഓളം പേരെ അറസ്റ്റ് ചെയ്തതെന്ന് ബനസ്കന്തയിലെ പൊലീസ് സൂപ്രണ്ട്  അറിയിച്ചു. പലാന്‍പൂര്‍ എംഎല്‍എ മഹേഷ് പട്ടേല്‍ പഠാന്‍ മണ്ഡലത്തിലെ എംഎല്‍എ കിരിത് പട്ടേല്‍ എന്നിവരെയാണ് ഹാര്‍ദിക് പട്ടേലിനൊപ്പം കസ്റ്റഡിയിലെടുത്തത്. 

1990 ല്‍ സഞ്ജീവ് ഭട്ട് ജാംനഗറില്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടായിരിക്കെ നടന്ന കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടാണ് സഞ്ജീവ് ഭട്ട് ശിക്ഷ അനുഭവിക്കുന്നത്. അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകരിലൊരാളായ പ്രഭുദാസ് വൈഷ്‌നാനി മരിച്ചതാണ് കേസിന് ആസ്പദമായ സംഭവം. വൈഷ്ണാനി പുറത്തിറങ്ങി പത്തുദിവസത്തിനു ശേഷം ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതായിരുന്നു മരണകാരണം. 

click me!