
ധോബനി: ഗ്രാമത്തെ നശിപ്പിക്കുന്ന മന്ത്രവാദിനി എന്നാരോപണം, ജാർഖണ്ഡിൽ പട്ടാപ്പകൽ 60 വയസുകാരിയെ ചന്തയിലേക്ക് പോകുന്ന വഴിയിൽ വച്ച് കഴുത്ത് അറുത്ത് കൊന്നു. ധോബനി സ്വദേശിയായ അറുപത് വയസുകാരിയായ ഭവി സിംഗ് എന്ന വയോധികയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. നിരവധിപ്പേർ നോക്കി നിൽക്കെയായിരുന്നു കൊലപാതകം. സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പേരും സ്ത്രീകളാണ്. ഓഗസ്റ്റ് നാലാം തിയതിയായിരുന്നു കൊലപാതകം നടന്നത്.
ജാംഷെഡ്പൂർ ജില്ലയിലെ ധോബനിയിലെ ചന്തയിലേക്ക് പോയ വയോധികയെ പിന്നിൽ നിന്നാണ് സ്ത്രീകളടക്കമുള്ള സംഘം ആക്രമിച്ചത്. ബോറം പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു അക്രമം നടന്നത്. ഗൗലി എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ആയുധമുപയോഗിച്ചായിരുന്നു മൂന്ന് സ്ത്രീകൾ 60കാരിയെ ആക്രമിച്ചത്. കൊല ചെയ്ത ശേഷം ഭവി സിംഗിന്റെ മൃതദേഹം സമീപത്തെ കാട്ടിൽ തള്ളിയിട്ട ശേഷം അക്രമികൾ രക്ഷപ്പെടുകയായിരുന്നു. വില്ലേജ് ഓഫീസിൽ നിന്ന് പെൻഷൻ വാങ്ങാൻ പോയ വയോധിക തിരിച്ച് എത്താത്തതിന് പിന്നാലെ വീട്ടുകാർ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ കൊലപാതക കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 60കാരിയെ അക്രമി സംഘം വീടുകയറി ആക്രമിക്കാൻ നേരത്തെയും ശ്രമിച്ചതായാണ് വീട്ടുകാർ പൊലീസിനോട് വിശദമാക്കുന്നത്. അഞ്ച് വർഷമായി 60കാരിയെ മന്ത്രവാദിയെന്ന് വിളിച്ചും ഗ്രാമത്തിലെന്ത് മോശം സംഭവം ഉണ്ടായാലും അതിന് കാരണം ഭവി സിംഗാണെന്നും അക്രമി സംഘം പ്രചരിപ്പിച്ചിരുന്നതായും ബന്ധുക്കൾ വിശദമാക്കുന്നത്. ഇവരുടെ പ്രചാരണങ്ങൾ വിശ്വസിച്ച നാട്ടുകാർ തങ്ങളുമായി സഹകരിക്കുന്നില്ലെന്നാണ് 60കാരിയുടെ ബന്ധുക്കൾ പൊലീസിനോട് വിശദമാക്കുന്നത്.
വർഷങ്ങളായുള്ള പദ്ധതിക്ക് ശേഷമാണ് കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. അകന്ന ബന്ധത്തിലുള്ള സ്ത്രീകളാണ് അക്രമികളെന്നും പൊലീസ് വിശദമാക്കുന്നത്. ആറ് വർഷങ്ങൾക്ക് മുൻപ് യുവതിയുടെ ഭർത്താവ് മരണപ്പെട്ടതിന് പിന്നാലെയാണ് ഇവർ ഭവി സിംഗിനെ മന്ത്രവാദിനി എന്ന് വിളിക്കാൻ ആരംഭിച്ചത്. 60 കാരിയുടെ മകന്റെ ഭാര്യയേയും മന്ത്രവാദിനിയെന്നാണ് ഇവർ ഗ്രാമത്തിൽ പ്രചരിപ്പിച്ചിട്ടുള്ളതെന്നുമാണ് കൊല്ലപ്പെട്ട വയോധികയുടെ മകൻ വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം