
മലാഡ്: മുംബൈയിൽ അദാനി ഗ്രൂപ്പിന്‍റെ ആറായിരം കിലോ തൂക്കമുള്ള ഇരുമ്പ് പാലം മോഷണം പോയി. മലാഡിലുള്ള ഓവ് ചാലിന് കുറുകെ വച്ചിരുന്ന 90 അടി നീളമുള്ള പാലമാണ് മോഷ്ടാക്കൾ ഇളക്കി കൊണ്ടുപോയത്. കമ്പനിയുടെ പരാതിയിൽ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. അദാനി ഇലക്ട്രിസിറ്റി ഓഫീസില്‍ കേബിളുകളും മറ്റ് ഉപകരണങ്ങളും കൊണ്ട് പോകാന്‍ ഉപയോഗിച്ചിരുന്ന പാലമാണ് കാണാതായത്.
ജൂണ്‍ 26ന് പുലര്‍ച്ചെയാണ് പാലം അഴിച്ച് മാറ്റി മോഷ്ടിച്ചുകൊണ്ട് പോയതെന്നാണ് എഫ്ഐആറില്‍ അദാനി ഗ്രൂപ്പ് വിശദമാക്കുന്നത്. മോഷണ ശേഷമുള്ള ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. പാലം ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന രീതിയില്‍ അവസാനമായി കണ്ടത് ജൂണ്‍ ആറിനായിരുന്നു. പാലം വച്ചിരുന്ന മേഖലയില് സിസിടിവികള്‍ ഇല്ലാതിരുന്ന ധൈര്യത്തിലായിരുന്നു മോഷണം. എന്നാല്‍ മേഖലയിലെ സര്‍വൈലന്‍സ് ക്യാമറകള്‍ പൊലീസ് അരിച്ച് പെറുക്കിയതോടെയാണ് മോഷ്ടാക്കളേക്കുറിച്ച് ധാരണ ലഭിക്കുന്നത്.
പാലത്തിന് അടുത്തേക്ക് വലിയ വാഹനത്തിലെത്തിയ ശേഷം പാലം അഴിച്ച് മാറ്റി കടത്തുകയായിരുന്നു. ഈ വാഹനത്തിന്‍റെ രജിസ്ട്രേഷന്‍ നമ്പറ്‍ കണ്ടെത്താനായതും അന്വേഷണത്തില്‍ നിര്‍ണായകമായി. ഗ്യാസ് കട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ചാണ് പാലം മുറിച്ച് കടത്തിയത്. പാലം നിര്‍മ്മിക്കാനായി കരാര്‍ കൊടുത്തിരുന്ന സ്ഥാപനത്തിലെ തൊഴിലാളിയും സഹായികളുമാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്. മുറിച്ച് മാറ്റിയ പാലവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലക്ഷങ്ങളോളം വില വരുന്ന ഇരുമ്പ്, സ്റ്റീല്‍ നിര്‍മ്മിതമാണ് ഈ പാലം.
താല്‍ക്കാലികമായി പാലമായി ഉപയോഗിച്ചിരുന്ന ഈ നിര്‍മ്മിതിക്ക് പകരം പാലം ഏപ്രില്‍ മാസത്തില്‍ സ്ഥാപിച്ചതിന് പിന്നാലെ ഈ പാലം ക്രെയിന്‍ ഉപയോഗിച്ച് മറ്റൊരിടത്ത് വച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് ചെറു കഷ്ണങ്ങളായി മുറിച്ച് കടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam