
കോലാപൂർ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യയെ ആസിഡ് ഒഴിച്ച് കൊന്ന് ഒളിവിൽ പോയ 61 കാരൻ ഒരു വർഷത്തിന് ശേഷം പിടിയിലായി. ദില്ലിയിലെ ജഹാംഗിർപുരി സ്വദേശിയായ ജിതു എന്ന ജിതേന്ദ്രയാണ് 2023ൽ ഭാര്യയുടെ മേലേയ്ക്ക് ആസിഡ് ഒഴിച്ചത്. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ ഭാര്യ മരിച്ചതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. 2023 ഏപ്രിൽ 29നായിരുന്നു ഇത്. ആസിഡ് ആക്രമണത്തിന് കേസ് എടുത്ത് ജിതുവിനായി തെരച്ചിൽ നടക്കുന്നതിനിടെയാണ് ഭാര്യ മരിച്ചത്.
ഒരു വർഷത്തിന് ശേഷം മഹാരാഷ്ട്രയിലെ കോലപൂരിൽ നിന്നാണ് ദില്ലി ക്രൈം ബ്രാഞ്ച് ഇയാളെ പിടികൂടിയത്. നിരവധി സംസ്ഥാനങ്ങളിൽ ഒളിച്ച് താമസിച്ച ശേഷമാണ് ഇയാൾ ഇവിടെയെത്തിയതെന്നാണ് ക്രൈം ബ്രാഞ്ച് വിശദമാക്കുന്നത്. മൊബൈൽ ഫോൺ അടക്കമുള്ളവ ഉപേക്ഷിച്ച് മുങ്ങിയതാണ് ഇയാളെ കണ്ടെത്തുന്നതിന് വെല്ലുവിളിയായത്. താടിയും മുടിയും അടക്കം നീട്ടിയ രൂപത്തിലായിരുന്നു ക്രൈം ബ്രാഞ്ച് പിടികൂടുമ്പോൾ ഇയാളുണ്ടായിരുന്നത്.
വിവിധ ആരാധനാലയങ്ങളിൽ സഹായിയായി ആയിരുന്നു ഇയാൾ ഉപജീവനം നടത്തിയിരുന്നത്. അടുത്തിടെയാണ് പൊലീസിന് ഇയാളെ കുറിച്ച് രഹസ്യ വിവരം ലഭിച്ചത്. മഹാരാഷ്ട്രയിലെത്തിയ പൊലീസ് ഇയാളുടെ ഒളിയിടം കണ്ടെത്തിയെങ്കിലും ഇയാൾ പൊലീസ് എത്തും മുൻപ് രക്ഷപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ക്ഷേത്രത്തിലേക്ക് വഴി തിരക്കി നിന്ന 61കാരൻ പൊലീസിന്റെ പിടിയിലായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam