
പുനെ: സമൂസയിൽ നിന്ന് കോണ്ടം, ഗുട്ക, കല്ല് എന്നിവ കിട്ടിയതിനെ തുടർന്ന് അഞ്ച് പേർക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ പിംപാരി ചിഞ്ച്‌വാഡിൽ പ്രവർത്തിക്കുന്ന ഓട്ടോമൊബൈൽ കമ്പനിയിൽ വിതരണം ചെയ്ത സമൂസയിൽ നിന്നാണ് ഈ വസ്തുക്കള്‍ ലഭിച്ചത്. സംഭവത്തിൽ റഹീം ഷെയ്ഖ്, അസ്ഹർ ഷെയ്ഖ്, മസർ ഷെയ്ഖ്, ഫിറോസ് ഷെയ്ഖ്, വിക്കി ഷെയ്ഖ് എന്നിവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
അഞ്ച് പ്രതികളിൽ മൂന്ന് പേർ മറ്റൊരു സ്ഥാപനത്തിന്‍റെ ഉടമകളാണ്. ഭക്ഷണത്തിൽ മായം കലർത്തിയതിന്‍റെ പേരിൽ ഇവരുമായുള്ള കരാർ നേരത്തെ ഓട്ടോ മൊബൈൽ കമ്പനി റദ്ദാക്കിയിരുന്നു. സമൂസ വിതരണം ചെയ്യാൻ സബ് കോണ്‍ട്രാക്റ്റ് ഏറ്റെടുത്ത സ്ഥാപനത്തിലുള്ളവരാണ് മറ്റ് രണ്ട് പ്രതികള്‍. പുതിയ കരാർ നേടിയ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ഈ രണ്ട് തൊഴിലാളികളുടെ സഹായത്തോടെ ബോധപൂർവം ശ്രമം നടന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
പൊലീസ് പറയുന്നതിങ്ങനെ- ഓട്ടോ മൊബൈൽ സ്ഥാപനത്തിൽ നേരത്തെ ലഘുഭക്ഷണം എത്തിച്ചിരുന്നത് എസ്ആർഎ എന്‍റർപ്രൈസസ് ആയിരുന്നു. ഒരിക്കൽ ഭക്ഷണത്തിൽ നിന്ന് ബാൻഡേജ് ലഭിച്ചതോടെ ഇവരുമായുള്ള കരാർ റദ്ദാക്കി. പുതിയ കരാർ കാറ്റലിസ്റ്റ് സർവീസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ലഭിച്ചത്. ഇവർ മനോഹർ എന്‍റർപ്രൈസ് എന്ന സബ് കോൺട്രാക്ടിംഗ് സ്ഥാപനത്തിന് സമൂസ എത്തിക്കാനുള്ള ചുമതല നൽകി.
മനോഹർ എന്‍റർപ്രൈസസ് ജീവനക്കാരെ ചോദ്യം ചെയ്തപ്പോൾ, ഫിറോസ് ഷെയ്ഖ്, വിക്കി ഷെയ്ഖ് എന്നിവരാണ് സമൂസയിൽ കോണ്ടം, ഗുട്ക, കല്ലുകൾ എന്നിവ നിറച്ചതെന്ന് ബോധ്യമായെന്ന് പൊലീസ് പറയുന്നു. എസ്ആർഎ എന്‍റർപ്രൈസസിന്‍റെ നിർദേശ പ്രകാരമാണ് മനോഹർ എന്‍റർപ്രൈസിനെ അപകീർത്തിപ്പെടുത്താൻ തങ്ങള്‍ സമൂസയിൽ കോണ്ടവും ഗുഡ്കയും നിറച്ചതെന്ന് തൊഴിലാളികള്‍ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam