തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; 63 മണ്ഡലങ്ങളില്‍ കെട്ടിവെച്ച പണം നഷ്ടമായി, ദില്ലി അധ്യക്ഷന്‍ രാജിവെച്ചു

By Web TeamFirst Published Feb 11, 2020, 9:29 PM IST
Highlights

ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന് അരവിന്ദര്‍ സിംഗ് ലവ്‍ലി, ബദ്‍ലി മണ്ഡലത്തില്‍ നിന്ന് ദേവേന്ദര്‍ യാദവ്, കസ്തൂര്‍ബ നഗറില്‍ നിന്ന് അഭിഷേക് ദത്ത് എന്നിവര്‍ക്ക് മാത്രമാണ് കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയത്. 

ദില്ലി: ദില്ലി നിയമ സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും വലിയ തകര്‍ച്ചയുമായി കോണ്‍ഗ്രസ്. ഷീല ദീക്ഷിതിന്‍റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ അധികാരത്തിലിരുന്ന പാര്‍ട്ടിയാണ് രണ്ടാം തവണയും ഒറ്റ സീറ്റു പോലുമില്ലാതെ പോരാട്ടം അവസാനിപ്പിച്ചത്. 66 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കിയ കോണ്‍ഗ്രസിന് 63 ഇടങ്ങളില്‍ കെട്ടിവെച്ച കാശ് നഷ്ടമായി. പോള്‍ ചെയ്ത വോട്ടുകളില്‍ ആറിലൊന്ന് വോട്ട് നേടിയില്ലെങ്കിലാണ് കെട്ടിവെച്ച പണം നഷ്ടപ്പെടുക. പാര്‍ട്ടിയുടെ കനത്ത തോല്‍വിയെ തുടര്‍ന്ന് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര സ്ഥാനമൊഴിഞ്ഞു. 

ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന് അരവിന്ദര്‍ സിംഗ് ലവ്‍ലി, ബദ്‍ലി മണ്ഡലത്തില്‍ നിന്ന് ദേവേന്ദര്‍ യാദവ്, കസ്തൂര്‍ബ നഗറില്‍ നിന്ന് അഭിഷേക് ദത്ത് എന്നിവര്‍ക്ക് മാത്രമാണ് കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയത്. ലാലു പ്രസാദ് യാദവിന്‍റെ പാര്‍ട്ടിയായ ആര്‍ജെഡിയുമായി സഖ്യമായിട്ടാണ് കോണ്‍ഗ്രസ് മത്സരിച്ചത്. നാല് സീറ്റില്‍ ആര്‍ ജെ ഡിയും മത്സരിച്ചു.

ഭൂരിപക്ഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കും അഞ്ച് ശതമാനം വോട്ടുപോലും നേടാനായില്ല. ദില്ലി മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റും മുന്‍ നിയമസഭ സ്പീക്കറുമായ യോഗാനന്ദ് ശാസ്ത്രിയുടെ മകളുമായ പ്രിയങ്ക സിംഗിന് പോലും കെട്ടിവെച്ച പണം നഷ്ടമായി. 3.6 ശതമാനം വോട്ടാണ് പ്രിയങ്ക നേടിയത്. 21.42 ശതമാനം വോട്ട് നേടിയ അഭിഷേക് ദത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ മികച്ച പ്രകടനം നടത്തിയത്.

കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ച ന്യൂനപക്ഷ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പോലും ദയനീയ പ്രകടനമാണ് പാര്‍ട്ടി കാഴ്ചവെച്ചത്. എഎപിയില്‍ നിന്ന് വിട്ട് കോണ്‍ഗ്രസിലെത്തിയ അല്‍ക്ക ലാംബ, മുന്‍ ഡിഎസ്‍ഡിയു പ്രസിഡന്‍റ് റോക്കി തുസീദ് എന്നിവരും ദയനീയമായി പരാജയപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പില്‍ 22.46 ശതമാനം വോട്ട് നേടി, ആം ആദ്മിയെ പിന്നിലാക്കിയ കോണ്‍ഗ്രസ് പ്രതീക്ഷ വെച്ചെങ്കിലും സംഘടനാ പിഴലും പ്രചാരണത്തിലെ മെല്ലെപ്പോക്കും കോണ്‍ഗ്രസിന് തിരിച്ചടിയായി.

2015ലെ തെരഞ്ഞെടുപ്പില്‍ 9.7 ശതമാനവും 2013ലെ തെരഞ്ഞെടുപ്പില്‍ 24.55 ശതമാനവുമായിരുന്നു കോണ്‍ഗ്രസിന്‍റെ വോട്ട് ശതമാനം. കോണ്‍ഗ്രസിന്‍റെ തോല്‍വിയില്‍ അത്ഭുതമില്ലെന്നും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നമാണ് തോല്‍വിക്ക് കാരണമെന്നുമാണ് ഷീലാ ദീക്ഷിതിന്‍റെ മകന്‍ സന്ദീപ് ദീക്ഷിത് പ്രതികരിച്ചത്. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് മാത്രമാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തിനെത്തിയത്.

ആം ആദ്മി വികസനത്തിലൂന്നി കെജ്‍രിവാളിനെ മുന്നില്‍ നിര്‍ത്തി പ്രചാരണമഴിച്ചുവിട്ടപ്പോല്‍ മോദിയും അമിത് ഷായും ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങി. പ്രാദേശിക നേതാക്കള്‍ മാത്രമാണ് കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങിയത്. തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നെന്നും എല്ലാ ദിവസവും 21 മണിക്കൂര്‍ വരെ താന്‍ ജോലി ചെയ്തെന്നും ദില്ലിയില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ സുഭാഷ് ചോപ്ര പ്രതികരിച്ചു. 

click me!