
ദില്ലി: ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റപ്പോൾ ആഹ്ലാദം പ്രകടിപ്പിക്കുകയും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ ഏഴ് വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തതിൽ പിന്നോട്ടുപോയി സർക്കാർ. വിദ്യാർഥികൾക്ക് ജാമ്യം നൽകുകയും യുഎപിഎ പിൻവലിക്കുകയും ചെയ്തു. ഷേർ ഇ കശ്മീർ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ സയൻസ് ആൻഡ് ടെക്നോളജി ഓഫ് കശ്മീർ കോളേജിലെ വിദ്യാർഥികൾക്കെതിരെയാണ് കേസെടുത്തിരുന്നത്.
വിദ്യാർഥികൾക്കുമേൽ ചുമത്തിയ യുഎപിഎ പിൻവലിച്ചതിൽ സന്തോഷമുണ്ടെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി പറഞ്ഞു. വിദ്യാർഥികൾക്കെതിരെ ചുമത്തിയ യുഎപിഎ പിൻവലിക്കുകയാണെന്ന് ജമ്മു ആൻഡ് കശ്മീർ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. തുടർന്ന് കോടതി ഇവർക്ക് ജാമ്യം നൽകി.
പഞ്ചാബിൽ നിന്നുള്ള വിദ്യാർഥിയാണ് പരാതിക്കാരൻ. ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ ദിനത്തിൽ ഇന്ത്യ തോറ്റപ്പോൾ കശ്മീരിൽ നിന്നുള്ള ഏഴ് വിദ്യാർഥികൾ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കുകയും പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിച്ചു. തുടർന്നാണ് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തത്.
ലോകകപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഓസ്ട്രേലിയ 44 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡായിരുന്നു ഓസ്ട്രേലിയയുടെ ജയം അനായാസമാക്കിയത്. ലോകകപ്പ് ഫൈനലിൽ രണ്ടാം തവണയാണ് ഇന്ത്യ ഓസീസിന് മുന്നിൽ വീഴുന്നത്. 2003ൽ ദക്ഷിണാഫ്രിക്കൻ ലോകകപ്പിലും ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയക്ക് മുന്നിൽ തോൽവിയറിഞ്ഞിരുന്നു. 20 വർഷത്തിന് ശേഷം സ്വന്തം നാട്ടിലും മഞ്ഞപ്പടക്ക് മുന്നിൽ തോൽക്കാനായിരുന്നു ഇന്ത്യയുടെ വിധി.