ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 718; ജനങ്ങൾ ലോക്ക് ഡൗണിനോട് സഹകരിച്ചേ മതിയാകൂ എന്ന് കേന്ദ്രം

By Web TeamFirst Published Mar 27, 2020, 6:38 AM IST
Highlights

രാജ്യത്ത് ഇതുവരെ 16 പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്രത്തിന്‍റെ കണക്ക്.  ഈ കണക്ക് പുറത്ത് വിട്ടതിന് പിന്നാലെ മഹാരാഷ്ട്രയിൽ 65 വയസുകാരി കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 718 ആയി.ഇന്നലെ മാത്രം 88 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര ,രാജസ്ഥാൻ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 45 പേർ ഇതുവരെ രോഗവിമുക്തരായി. 

ലോക് ഡൗണിനോട് പൂർണ്ണമായി സഹകരിക്കാതെ കൊവിഡിനെ ചെറുക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു. ഇന്ത്യയിൽ രോഗം സമൂഹ വ്യാപന ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് ഉന്നത തല യോഗം ചേരും.

രാജ്യത്ത് ഇതുവരെ 16 പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്രത്തിന്‍റെ കണക്ക്.  ഈ കണക്ക് പുറത്ത് വിട്ടതിന് പിന്നാലെ മഹാരാഷ്ട്രയിൽ 65 വയസുകാരി കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

മഹാരാഷ്ട്രയിൽ ഇത് വരെ 5 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 124 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കർണ്ണാടകത്തിലും തെലങ്കാനയിലും തമിഴ്നാട്ടിലുമെല്ലാം ഇന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആൻഡമാൻ നിക്കോബാർ ഐലൻഡിൽ ഇന്ന് ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്തു. മാർച്ച് 24ന് ചെന്നൈയിൽ നിന്ന് വിമാനമാർഗം ആൻഡമാനിൽ എത്തിയ വ്യക്തിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

കർണാടകത്തിൽ രോഗം ബാധിച്ച ഒരാൾ നഞ്ചൻഗോഡ് ഫാർമസ്യൂട്ടിക്കൽ  കമ്പനി ജീവനക്കാരനാണ്. ഇയാൾ വിദേശ യാത്ര നടത്തിയിട്ടില്ല. വിദേശത്തു നിന്ന് എത്തിയവരുമായി നേരിട്ട് ഇടപഴകിയതായി കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

click me!