
ദില്ലി: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ 72 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ച് ഇരുപക്ഷവും. മറ്റ് രാജ്യങ്ങൾക്ക് പൗരന്മാരെ ഒഴിപ്പിക്കുന്നതിനായാണ് വെടിനിർത്തൽ സമയം നീട്ടിയത്. അമേരിക്കയും സൗദിയും ഇടപെട്ട് രണ്ട് ദിവസമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തലിന് ഇരു പക്ഷവും സമ്മതിച്ചത്. ആഭ്യന്തരകലാപം ആരംഭിച്ച ശേഷം ഇത് മൂന്നാം തവണയാണ് വെടിനിർത്തൽ പ്രഖ്യാപിക്കുന്നത്. ഈ മാസം 15ന് ആരംഭിച്ച ആഭ്യന്തര കലാപത്തിൽ 427 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
സുഡാനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷിക്കാനുള്ള ഓപ്പറേഷൻ കാവേരി തുടരുന്നു. ദൗത്യത്തിന് നേതൃത്വം നൽകാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ജിദ്ദയിലാണ് ഉള്ളത്. പോർട്ട് സുഡാനിൽ നിന്നും ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേന വിമാനത്തിൽ നാട്ടിലെത്തിക്കും. അതിനിടെ സുഡാനിൽ വെടി നിർത്തൽ 72 മണിക്കൂർ കൂടി നീട്ടി. അഞ്ഞൂറ് ഇന്ത്യക്കാർ പോർട്ട് സുഡാനിൽ എത്തിയതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചിരുന്നു. സൈന്യത്തിന്റെ കപ്പലായ ഐഎൻഎസ് സുമേധയിൽ ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിക്കാനാണ് തീരുമാനം.
സുഡാനിലെ ഖാർത്തൂമിൽ വെടിയേറ്റ് മരിച്ച കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്‍റെ ഭാര്യയും മകളും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി. ഖാർത്തൂമിലെ ഫ്ലാറ്റിന്‍റെ ബേസ്‌മെന്‍റിലായിരുന്നു കഴിഞ്ഞ ഒൻപത് ദിവസം ഇവർ കഴിഞ്ഞിരുന്നത്. ഇന്ന് പുലർച്ചെയോടെയാണ് ശോഭ എന്ന് സ്ഥലത്തേക്ക് മാറിയത്. പുതിയ കേന്ദ്രത്തിൽ ആൽബർട്ട് അഗസ്റ്റിൻ ജോലി ചെയ്തിരുന്ന കമ്പനി വെള്ളവും ഭക്ഷണവും എത്തിച്ചതായി സൈബല്ല കണ്ണൂരിലെ ബന്ധുക്കളെ അറിയിച്ചു. വരും ദിവസം സുഡാൻ പോർട്ടിലേക്ക് തിരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും സൈബല്ല പറഞ്ഞു.
സുഡാൻ രക്ഷാ ദൗത്യം; 'ഓപ്പറേഷൻ കാവേരി'ക്ക് നേതൃത്വം നൽകാൻ വി മുരളീധരൻ ജിദ്ദയിലേക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam