പിസ ഡെലിവറി ചെയ്യുന്നയാള്‍ക്ക് കൊവിഡ്; 72 പേര്‍ ക്വാറന്റൈനില്‍

By Web TeamFirst Published Apr 16, 2020, 9:25 AM IST
Highlights
പിസ ഡെലിവറി ചെയ്യുന്നയാള്‍ മാര്‍ച്ച് മാസം അവസാന ആഴ്ച വരെ ജോലി ചെയ്തിരുന്നുവെന്നാണ് വിവരം. കൂടാതെ, ഇയാള്‍ ആശുപത്രിയില്‍ ഡയാലിസിസിനായി പോയിരുന്നു. അവിടെ നിന്നാണ് കൊവിഡ് ബാധിച്ചിരിക്കാമെന്നുള്ള അനുമാനത്തിലാണ് ആരോഗ്യ വകുപ്പ്.
ദില്ലി: പിസ ഡെലവറി ചെയ്യുന്നയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യതലസ്ഥാനമായ ദില്ലിയിലെ ആശങ്ക വര്‍ധിച്ചു. ദക്ഷിണ ദില്ലിയില്‍ അങ്ങോളമിങ്ങോളമായി 72 പേരൊണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇപ്പോള്‍ ക്വാറന്റൈനില്‍ ആക്കിയിരിക്കുന്നത്. എന്നാല്‍ 72 പേര്‍ക്കും ഇതുവരെ പരിശോധനകള്‍ നടത്തിയിട്ടില്ലെന്ന് ദക്ഷിണ ദില്ലി ജില്ലാ മജിസ്‌ട്രേറ്റ് ബി എം മിശ്ര പറഞ്ഞു.

ഇപ്പോള്‍ എല്ലാവരോടും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്തെങ്കിലും ലക്ഷണങ്ങള്‍ കാണിച്ചാല്‍
ഉടന്‍ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പിസ ഡെലിവറി ചെയ്യുന്നയാള്‍ എവിടെയാണ് ജോലി ചെയ്യുന്നതെന്നോ ആരൊക്കെയാണ് ക്വാറന്റൈനില്‍ ആയിരിക്കുന്നതെന്നോ വ്യക്തമാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.

പിസ ഡെലിവറി ചെയ്യുന്നയാള്‍ മാര്‍ച്ച് മാസം അവസാന ആഴ്ച വരെ ജോലി ചെയ്തിരുന്നുവെന്നാണ് വിവരം. കൂടാതെ, ഇയാള്‍ ആശുപത്രിയില്‍ ഡയാലിസിസിനായി പോയിരുന്നു. പിസ വിതരണം ചെയ്ത ഏതെങ്കിലും വീട്ടില്‍ നിന്നാകാം ഇയാള്‍ക്ക് കൊവിഡ് പകര്‍ന്നതെന്നാണ് അനുമാനം
ലോക്ക്ഡൗണ്‍ സമയത്ത് ഭക്ഷണവും ആവശ്യസാധനങ്ങളും ഹോം ഡെലിവറി ചെയ്യുന്നതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

തീവ്രബാധിത മേഖലകളില്‍ വീടിന്റെ പുറത്തേക്ക് ആളുകള്‍ക്ക് ഇറങ്ങാന്‍ ദില്ലിയില്‍ അനുവാദമില്ല. അവര്‍ക്ക് ആവശ്യസാധനങ്ങളെല്ലാം വീട്ടിലെത്തിക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ പിസ ഡെലവറി ബോയ് ഭക്ഷണം വിതരണം ചെയ്തിട്ടുള്ള മറ്റാരെങ്കിലുമുണ്ടോയെന്നുള്ള പരിശോധനകള്‍ തുടരുകയാണ് പ്രാദേശിക ആരോഗ്യപ്രവര്‍ത്തകര്‍.

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ ദിവസേന വര്‍ധിക്കുന്നതായി കണക്കുകള്‍. കൊവിഡ് ബാധിതരുടെ എണ്ണം 12000 കടന്നിരിക്കുകയാണ്. കൊവിഡ് കേസുകള്‍ 12380 ആയെന്നും മരണസംഖ്യ 414 കഴിഞ്ഞെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗം ഭേദമായി ഇതുവരെ ആശുപത്രി വിട്ടവര്‍ 1488 പേരാണ്.ഓരോ ദിവസവും ആയിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗം ബാധിക്കുന്നത്.

കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് ഐസിഎംആര്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്നലെ രാജ്യത്ത് 27,000 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. റാപ്പിഡ് കിറ്റുകളുടെ അഭാവം കാരണം ഫലം വൈകുന്നുണ്ട്. ചൈനയില്‍ നിന്ന് ഇന്ന് റാപ്പിഡ് കിറ്റുകള്‍ എത്തും. മൂന്ന് ലക്ഷം കിറ്റുകളാണ് ഇന്ന് എത്തുകയെന്നും ഐസിഎംആര്‍ അറിയിച്ചു.

 
click me!