മഹാരാഷ്ട്രയിൽ 72 പേർക്ക് കൂടി കൊവിഡ്; തെലങ്കാനയിലെ 1030 പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തു

By Web TeamFirst Published Mar 31, 2020, 8:07 PM IST
Highlights

അതിനിടെ അസമിലും ആദ്യ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചത് 52 കാരനാണ്. ഇയാൾ സിൽച്ചർ മെഡിക്കൽ കോളേജിൽ ചികിത്സയിലെന്നാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം

മുംബൈ: രാജ്യത്തെ തന്നെ ആശങ്കയിലാക്കി മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. 72 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതേസമയം ദില്ലിയിലെ നിസാമുദ്ദീനിൽ നടന്ന മത സമ്മേളനത്തിൽ തെലങ്കാനയിൽ നിന്ന് 1030 പേർ പങ്കെടുത്തിരുന്നുവെന്നും കണ്ടെത്തി.

മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 302 ആയി ഉയർന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേരും മുംബൈയിൽ നിന്നുള്ളവരാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചതും ഇന്നാണ്. ഇത്രയും അധികം കേസുകൾ ഒറ്റ ദിവസം ഒരു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതും ഇന്ത്യയിൽ ആദ്യമാണ്.

നിസാമുദീനിലെ മർകസിൽ മത സമ്മേളനത്തിൽ തെലങ്കാനയിൽ നിന്ന് പങ്കെടുത്ത 1030 പേരിൽ ഹൈദരാബാദിൽ നിന്ന് മാത്രം 603 പേരുണ്ട്. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നും ഈ പരിപാടിയിൽ ആളുകൾ പങ്കെടുത്തിരുന്നുവെന്ന് വ്യക്തമായി. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ളവർ പരിപാടിയിൽ പങ്കെടുത്തു. 

അതിനിടെ അസമിലും ആദ്യ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചത് 52 കാരനാണ്. ഇയാൾ സിൽച്ചർ മെഡിക്കൽ കോളേജിൽ ചികിത്സയിലെന്നാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം.

click me!