അമ്മ ഒരുക്കിയ ആത്മഹത്യാക്കുരുക്കില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് 8വയസുകാരി

By Web TeamFirst Published Sep 23, 2021, 1:41 PM IST
Highlights

കൊവിഡ് ബാധിച്ച് യുവതിയുടെ ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ കുടുംബത്തിന്‍റെ വരുമാനം നിലച്ചിരുന്നു. രോഗിയായ യുവതിക്ക് ജോലി ചെയ്ത് വരുമാനം കണ്ടെത്താനും സാധിക്കാതെ വന്നതോടെ ഇവര്‍ വിഷാദ രോഗത്തിന് കീഴ്പ്പെടുകയായിരുന്നു

വിഷാദ രോഗത്തിന് (Depression) അടിമയായ അമ്മ ഒരുക്കിയ ആത്മഹത്യാക്കുരുക്കില്‍(Suicide Attempt) നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് എട്ടുവയസുകാരി.  കര്‍ണാടകയിലെ ബെംഗലുരുവിലെ(Bengaluru) ദിബ്ബൂരിലാണ് സംഭവം. എന്നാല്‍ 12 വയസുള്ള സഹോദരി മരണത്തിന് കീഴടങ്ങി. അമ്മയുടെ നിര്‍ദ്ദേശം കൃത്യമായി പിന്തുടര്‍ന്ന് പന്ത്രണ്ടുകാരി വീട്ടില്‍ തയ്യാറാക്കിയ കുരുക്കില്‍ തൂങ്ങുകയായിരുന്നു. എന്നാല്‍ സഹോദരിയുടെ വെപ്രാളം കണ്ടു ഭയന്ന എട്ടുവയസുകാരി കുരുക്കില്‍ നിന്ന് തലവലിച്ചെടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഇതേസമയം കുട്ടിയുടെ അമ്മയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ ആത്മഹത്യ ചെയ്യാനൊരുങ്ങിയ സ്ത്രീയെ രക്ഷിക്കുകയായിരുന്നു. 12 വയസുകാരിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. യുവതി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. യുവതിയുടെ ഭര്‍ത്താവ് രണ്ട് മാസം മുന്‍പാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇതിന് പിന്നാലെ യുവതി വിഷാദരോഗിയാവുകയായിരുന്നു. ജീവിതച്ചെലവുകള്‍ക്ക് രോഗിയായ യുവതിക്ക് പണം കണ്ടെത്താനാവാത്ത സ്ഥിതിയുണ്ടായിരുന്നതായും അയല്‍ക്കാര്‍ പറയുന്നു. ജീവിതത്തിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും കുട്ടികളെ പറഞ്ഞുമനസിലാക്കിയ ശേഷമാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ മൂത്തകുട്ടി മരണവെപ്രാളം കാണിക്കുന്നത് കണ്ട ഇളയകുട്ടി ഭയന്നോടുകയായിരുന്നു. രണ്ട് കുട്ടികളേയും കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു യുവതിയുടെ ശ്രമമെന്ന് പൊലീസ് വിശദമാക്കി. 

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!