7 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 800 സൈനികരെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Mar 23, 2021, 7:38 PM IST
Highlights

സൈനികര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. 

ദില്ലി: കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 800 സൈനികരെന്ന് റിപ്പോര്‍ട്ട്. കര, നാവിക, വായു സേനയിലെ ഉദ്യോഗസ്ഥരുടെ കണക്കാണ് ഇത്. സൈനികര്‍  സഹപ്രവര്‍ത്തകരെ അപായപ്പെടുത്തിയ 20ഓളം സംഭവങ്ങളാണ് ഉള്ളത്. സൈനികര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 14 ലക്ഷത്തോളം വരുന്ന സൈനികര്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

2014മുതല്‍ കരസേനയില്‍ മാത്രം 591 സൈനികരാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. വായുസേനയില്‍ ഇത് 160ഉം നാവിക സേനയില്‍ ഇത് 36ഉം ആണ്. രാജ്യസഭയില്‍ മന്ത്രി ശ്രീപാദ് നായിക്കാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പാകിസ്ഥാന്‍, ചൈന തുടങ്ങിയ സംഘര്‍ഷ മേഖലകളില്‍ ദീര്‍ഘകാലം നിയമനം ലഭിക്കുന്ന സൈനികര്‍ക്ക് സമ്മര്‍ദ്ദം അധികമാണെന്നും ഇത് സൈനികരുടെ കായിക ക്ഷമതയെ സാരമായി ബാധിക്കുന്നുണ്ടെന്നുമാണ് പഠനങ്ങള്‍ വിശദമാക്കുന്നത്.

ഏറെക്കാലം കുടുംബങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നതും സാമ്പത്തിക പ്രശ്നങ്ങളും വിവാഹ സംബന്ധിയായ പ്രശ്നങ്ങളും സൈനികരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വിശദമാക്കുന്നത്. സൈനികരില്‍ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും സൈനികര്‍ക്ക് മികച്ച ഭക്ഷണവും വസ്ത്രവും  സമ്മര്‍ദ്ദം കുറയ്ക്കാനുള്ള പരിശീലനവും നല്‍കുന്നുണ്ട്. അവര്‍ക്ക് വിനോദത്തിനായുള്ള സംവിധാനങ്ങളുമൊരുക്കുന്നുണ്ടെന്ന് ശ്രീപാദ് നായിക്ക് തിങ്കളാഴ്ച രാജ്യസഭയെ അറിയിച്ചു. 

click me!