ജോഷിമഠിൽ നിന്ന് 81 കുടുംബങ്ങളെ മാറ്റി, 2 ഹോട്ടലുകൾ പൊളിക്കും; കർണപ്രയാഗിലും വിള്ളൽ, ആശങ്ക

By Web TeamFirst Published Jan 10, 2023, 1:50 PM IST
Highlights

എൻടിപിസിയുടെ തപോവൻ - വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി തുരങ്കം നി‍ർമ്മിച്ചതാണ് ജോഷിമഠിൽ ഭൗമ പ്രതസന്ധിക്ക് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്

ദില്ലി: ജോഷിമഠിൽ ഇതുവരെ 81 കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. 1191 പേരെ ഉൾക്കൊള്ളുന്ന കെട്ടിടങ്ങൾ കണ്ടെത്തി നൽകിയതായും ജില്ലാ മജിസ്ട്രട്രേറ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപകട സാധ്യതയേറിയ രണ്ട് ഹോട്ടലുകൾ പൊളിച്ചു മാറ്റാൻ തീരുമാനമെടുത്തു. കേന്ദ്രം നിയോഗിച്ച വിദഗ്ധരുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം.

ഉത്തരാഖണ്ഡിലെ കർണപ്രയാഗിലും വീടുകളിൽ വിള്ളൽ വീണത് ആശങ്കയാകുന്നുണ്ട്. ക‌ർണപ്രയാഗ് മുനിസിപ്പാലിറ്റി പരിധിയിലെ ബഹുഗുണ നഗറില്‍ അൻപതോളം വീടുകളിൽ വിള്ളൽ വീണു. ചില വീടുകളുടെ മേൽക്കൂര തകർന്നു. ചിലയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായെന്നും റിപ്പോർട്ടുണ്ട്. ബഹുഗുണ നഗർ, സിഎംപി ബന്ദ്, അപ്പർ സബ്സി മണ്ടി എന്നീ മേഖലകളിലുള്ളവരാണ് ആശങ്കയറിയിച്ചിരിക്കുന്നത്. വിദഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാട്ടുകാരുടെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചെന്ന് സ്ഥലം എംഎൽഎ പ്രതികരിച്ചു. ജോഷിമഠിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള കർണപ്രയാഗും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്. അരലക്ഷമാണ് ഇവിടെ ജനസംഖ്യ.

എൻടിപിസിയുടെ തപോവൻ - വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി തുരങ്കം നി‍ർമ്മിച്ചതാണ് ജോഷിമഠിൽ ഭൗമ പ്രതസന്ധിക്ക് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. പദ്ധതിയുടെ നി‍ർമ്മാണ പ്രവ‍ത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് ജോഷിമഠ് സമര സമിതി ആരോപിച്ചു. നി‍‍ർമ്മാണ പ്രവ‍ർത്തനങ്ങൾ നി‍ർത്തിവെക്കാനുള്ള ഉത്തരവുണ്ടായിട്ടും ഇന്നലെയും നി‍ർമ്മാണം നടന്നു. തപോവൻ പദ്ധതിയടക്കം, പ്രദേശത്തെ എല്ലാ നി‍ർമ്മാണ പ്രവ‍ത്തനങ്ങളും നി‍ർത്തിവെക്കാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. ജോഷിമഠിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ അകലെ ഹെലാംഗ് എന്ന സ്ഥലത്താണ് തപോവൻ - വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതി. ഇവിടെ ഇന്നലെയും തൊഴിലാളികളെത്തി.

പദ്ധതിയുടെ ഭാഗമായി ഭൂമിക്കടിയിലൂടെ പാറ തുരന്ന് രണ്ട് തുരങ്കങ്ങളാണ് നി‍മ്മിക്കുന്നത്. ഒന്ന് തപോവനിലും മറ്റൊന്ന് സെലാങ്ങിലും. ഈ തുരങ്ക നി‍‍ർമ്മാണമാണ് ദുരിതങ്ങൾക്ക് മുഴുവൻ കാരണമെന്ന് ജോഷിമഠുകാരുടെ വിശ്വാസം. തുരങ്ക നി‍‍‍ർമ്മാണത്തിന് നടത്തിയ സ്ഫോടനങ്ങളിൽ പാറയ്ക്കടിയിലെ മഞ്ഞുകട്ടികൾ പൊട്ടിയത് ജോഷിമട്ടിൽ മണ്ണൊലിപ്പിലേക്ക് നയിച്ചോയെന്ന് അറിയാൻ പഠനം തുടരുകയാണ്. 

click me!