
മുസൂറിയിലെ ഐഎഎസ് അക്കാദമിയിലും പിടിമുറുക്കി കൊവിഡ്. ലാല്‍ ബഹാദുര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിലെ (Lal Bahadur Shastri National Academy of Administration) 84 ഐഎഎസ് ട്രെയിനികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് (IAS trainees test positive). ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഐഎഎസ് ട്രെയിനികളെ പ്രത്യേക മേഖലയില്‍ ക്വാറന്‍റൈന്‍ ചെയ്യിച്ചിരിക്കുകയാണ്. ഗുജറാത്തില്‍ നിന്ന് എത്തിയ ചില ഐഎഎസ് ട്രെയിനികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അക്കാദമിയിലെ ജീവനക്കാരടക്കമുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കിയത്.
96ാമത് ഫൌണ്ടേഷന്‍ കോഴ്സിനെത്തിയവരും ഡിസംബര്‍ 24ന് ആരംഭിച്ച ഗവേഷണത്തിലെ അധ്യാപകരും കൊവിഡ് സ്ഥിരീകരിച്ചവരിലുണ്ട്. അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമുള്ള ഗ്രാമങ്ങള്‍ പഠന സംബന്ധിയായ ഇവര്‍ സന്ദര്‍ശിച്ചിരുന്നു. ഈ ഗ്രാമീണരോടും പരിശോധനയ്ക്ക് വിധേയമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ മുസൂറിയിലെ 57 ഐഎഎസ് ട്രെയിനി ഓഫീസര്‍മാര്‍ കൊവിഡ് പോസിറ്റീവായിരുന്നു. ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റയൂട്ടിലെ ഐഎഫ്എസ് ഉദ്യോഗസ്ഥരും കൊവിഡ് പോസിറ്റീവായിരുന്നു. അതേസമയം രാജ്യത്ത് പ്രതിദിന കേസുകള്‍ മൂന്ന് ലക്ഷം പിന്നിട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം, 3,17,532 പേർക്കാണ് 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്. 491 പേർ മരിച്ചു. 2,23,990 പേർ രോഗമുക്തി നേടി. ടിപിആർ 16.41 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 9,287 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞ മെയ് മാസത്തിലാണ് ഇതിന് മുമ്പ് രാജ്യത്ത് കൊവിഡ് കേസുകൾ മൂന്നുലക്ഷം കടന്നത്. ഒമിക്രോൺ വ്യാപനമാണ് മൂന്നാം തരംഗത്തിൽ കേസുകൾ കുത്തനെ ഉയരാൻ കാരണമായതെന്നാണ് ആരോഗ്യ വിദഗ്തരുടെ വിലയിരുത്തൽ. സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയിലാണ് ഇപ്പോഴും കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ. മുംബൈയിൽ പൊസിറ്റിവിറ്റി നിരക്ക് കുറഞ്ഞപ്പോൾ പുണെയിൽ രോഗ വ്യാപനം കൂടി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. അതേ സമയം ഗുജറാത്ത്, അസം, കർണാടക, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണം കുതിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam