
മുംബൈ: വാർദ്ധക്യത്തിന്റെ അവശതകളിലും തളരാതെ, സ്വന്തം അന്തസ്സിനായി മുംബൈ ലോക്കൽ ട്രെയിനുകളിൽ കഠിനാധ്വാനം ചെയ്യുന്ന 89 വയസ്സുകാരിയായ കമലാബെൻ മേത്തയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൈകൊണ്ട് നിർമ്മിച്ച ബ്രേസ്‌ലെറ്റുകൾ വിറ്റാണ് ഇവർ ഉപജീവനത്തിന് വഴി കണ്ടെത്തുന്നത്. എന്നാൽ ഈ പ്രായത്തിലും ഇവർ ജോലി ചെയ്യുന്നതിന് പിന്നിലെ കാരണം കേട്ടാൽ ആരുടെയും കണ്ണ് നിറയും.
തന്റെ കുടുംബത്തോടൊപ്പം താമസിപ്പിക്കുന്നതിനുള്ള കൂലിയായി പണം നൽകാനാണ് ഈ 89ാം വയസിലും കഠിനാധ്വാനം ചെയ്യുന്നതെന്ന് പറയുന്നു മുത്തശ്ശി. മീത തുഷിത് ഷാ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോയിലൂടെയാണ് കമലാബെന്നിന്റെ കഥ പുറംലോകമറിഞ്ഞത്. തനിക്ക് കുടുംബാംഗങ്ങൾക്കൊപ്പം താമസിക്കുന്നതിന് പണം നൽകേണ്ടതുണ്ടെന്നും അതിനാണ് ഈ പ്രായത്തിലും ജോലി ചെയ്യുന്നതെന്നും കമലാബെൻ വീഡിയോയിൽ പറയുന്നു. തന്റെ അഡ്രസ് നൽകാൻ ഇവർ തയ്യാറായില്ല. തന്റെ ജോലി കാരണം കുടുംബത്തിന് നാണക്കേട് ഉണ്ടാകരുത് എന്ന നിർബന്ധമാണ് ഇതിന് പിന്നിലെന്നും അവര്‍ പറയുന്നു.
കഴിഞ്ഞ 60 വർഷമായി മുംബൈ ലോക്കൽ ട്രെയിനുകളിൽ താൻ കച്ചവടം ചെയ്യുന്നുണ്ടെന്ന് ഇവർ വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ഭർത്താവിനെ നഷ്ടപ്പെട്ട കമലാബെൻ, അന്നുമുതൽ അധ്വാനിച്ചാണ് ജീവിക്കുന്നത്. വെറും 40 രൂപയ്ക്കാണ് ഇവർ ബ്രേസ്‌ലെറ്റുകൾ വിൽക്കുന്നത്. വീഡിയോ വൈറലായതോടെ ലക്ഷക്കണക്കിന് ആളുകളാണ് കമലാബെന്നിനെ പ്രശംസിച്ച് രംഗത്തെത്തിയത്.
പലരും പണം നൽകി സഹായിക്കാൻ മുന്നോട്ട് വന്നുവെങ്കിലും സഹായം സ്വീകരിക്കാൻ മുത്തശ്ശി വിസമ്മതിച്ചു. പകരം താൻ നിർമ്മിച്ച വളകൾ വാങ്ങാനാണ് ഇവർ ആവശ്യപ്പെടുന്നത്. ജോലി ചെയ്യാൻ മടിക്കുന്ന യുവതലമുറയ്ക്ക് ഈ 89-കാരി വലിയൊരു പാഠമാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്. അതേസമയം, സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാൻ പണം വാങ്ങുന്ന കുടുംബത്തിന്റെ നിലപാടിനെതിരെയും കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. നളസോപാരയിൽ താമസിക്കുന്ന കമലാബെൻ, ഉച്ചകഴിഞ്ഞുള്ള സമയങ്ങളിലാണ് ട്രെയിനുകളിൽ കച്ചവടത്തിനായി ഇറങ്ങുന്നത്. പ്രായം വെറുമൊരു അക്കം മാത്രമാണെന്നും ആർക്കും ഭാരമാകാതെ ജീവിക്കണമെന്നും ഈ മുത്തശ്ശി തന്റെ ജീവിതത്തിലൂടെ കാണിച്ചുതരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam