
ദില്ലി: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ലെന്ദ്ര ഗ്രാമത്തിന് സമീപമുള്ള വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത നക്‌സൽ വിരുദ്ധ ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടൽ. പാപ്പാ റാവു എന് നക്‌സൽ നേതാവിന്റെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ നടത്തിയതെന്ന് ബസ്തർ ഐജി സുന്ദർരാജ് പറഞ്ഞു.
40 ലക്ഷം രൂപ തലക്ക് വില പറഞ്ഞ നക്സൽ നേതാവാണ് പപ്പാ റാവു. ജില്ലാ റിസർവ് ഗാർഡ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), കമാൻഡോ ബറ്റാലിയൻ ഫോർ റെസൊലൂട്ട് ആക്ഷൻ (കോബ്രാ) എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് ഓപ്പറേഷനിൽ പങ്കെടുത്തത്. ഏറ്റുമുട്ടലിന് ശേഷം നക്സലുകളിൽ നിന്ന് ലൈറ്റ് മെഷീൻ ഗൺ ഉൾപ്പെടെ നിരവധി ഓട്ടോമാറ്റിക് ആയുധങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു.
Read More... സ്കൂളിൽ സഹപാഠികൾക്ക് നേരെ വെടിവയ്പ്, 1 മരണം , 2 പേർക്ക് പരിക്ക്, തോക്കുമായി അലസമായി നടന്ന 12കാരൻ പിടിയിൽ
പ്രദേശത്ത് തെരച്ചിൽ നടക്കുകയാണ്. ഈ വർഷം ഇതുവരെ ബസ്തർ മേഖലയിൽ സുരക്ഷാ സേനയുമായുള്ള വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 41 നക്സലൈറ്റുകൾ കൊല്ലപ്പെട്ടതായി പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഏറ്റുമുട്ടൽ. ബസ്തർ ലോക്സഭാ മണ്ഡലത്തിൽ ഏപ്രിൽ 19നാണ് ആദ്യഘട്ട വോട്ടെടുപ്പ്. കഴിഞ്ഞ മാസം ബിജാപൂരിലെ ബസഗുഡ മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് നക്സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam