ബിജെപി പുന:സംഘടനക്ക് പിന്നാലെ കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യത. ബിജെപി ട്രഷറർ സ്ഥാനത്ത് തിരിച്ചെത്തിയ പിയൂഷ് ഗോയൽ മന്ത്രിസ്ഥാനത്തും തുടരും എന്നാണ് സൂചന. നിർമ്മല സീതാരാമൻ, നിതിൻ ഗഡ്കരി, അശ്വിനി വൈഷ്ണവ്, തുടങ്ങിയവരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമെന്നാണ് അഭ്യൂഹം.

ദില്ലി: ബിജെപി പുന:സംഘടന നടന്ന സാഹചര്യത്തിൽ കേന്ദ്ര മന്ത്രിസഭയിലെ മാറ്റങ്ങളെക്കുറിച്ച് അഭ്യൂഹം ശക്തമാകുന്നു. ബിജെപി ട്രഷറർ സ്ഥാനത്ത് തിരിച്ചെത്തിയ പിയൂഷ് ഗോയൽ മന്ത്രിസ്ഥാനത്തും തുടരും എന്നാണ് സൂചന. ബിജെപി പാർലമെൻ്ററി ബോർഡിലേക്കും പിയുഷ് ഗോയലിനെ പരിഗണിച്ചേക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിൻ്റെ പേരും പാർലമെൻ്ററി ബോർഡിലേക്ക് ആലോചിക്കുന്നു. ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. നിലവിലെ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റത്തിന് സാധ്യതയുണ്ട്. നിർമ്മല സീതാരാമൻ, നിതിൻ ഗഡ്കരി, അശ്വിനി വൈഷ്ണവ്, തുടങ്ങിയവരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമെന്നാണ് അഭ്യൂഹം.

ഇന്നലെയാണ് ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്. ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികളിൽ കേരളത്തിൽ നിന്ന് കെ സുരേന്ദ്രനാണ് ഇടംപിടിച്ച പുതിയ മുഖം. സുരേന്ദ്രന് ദേശീയ സെക്രട്ടറി സ്ഥാനമാണ് ലഭിച്ചത്. അനിൽ ആൻ്റണി ദേശീയ സെക്രട്ടറിയായി തുടരും. സ്മൃതി ഇറാനി ദേശീയ ജനറൽ സെക്രട്ടറിയാകും. രാം മാധവ്, താരിഖ് മൻസൂർ എന്നിവർ ഉപാധ്യക്ഷന്മാരുടെ പട്ടികയിലുണ്ട്. അതേസമയം ദേശീയ വൈസ് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് എ പി അബ്ദുള്ളക്കുട്ടിയെ മാറ്റി. ബി എൽ സന്തോഷ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും. ഹേമന്ത് ജോഷിയാണ് യുവമോർച്ച അധ്യക്ഷൻ.