92 ലക്ഷത്തിലധികം സ്ത്രീകളെ ക്ഷേമ പദ്ധതിയിൽ നിന്ന് ഒറ്റയടിക്ക് ഒഴിവാക്കി; ഇ-കെവൈസി ഉൾപ്പെടെ ചൂണ്ടിക്കാട്ടി ന്യായീകരണവുമായി മഹാരാഷ്ട്ര സർക്കാർ

Published : Jul 13, 2026, 05:14 PM IST
Pension

Synopsis

ഇ-കെവൈസി പൂർത്തിയാക്കാത്തതും വരുമാന പരിധി ലംഘിച്ചതും പ്രായപരിധി കഴിഞ്ഞതും ഉൾപ്പെടെ വിവിധ കാരണങ്ങളാണ് സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. പദ്ധതി സംസ്ഥാനത്തിന് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സിഎജി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ നടപടി.

മുംബൈ: സ്ത്രീകൾക്കുളള സാമൂഹിക ക്ഷേമ പദ്ധതിയായ 'ലഡ്കി ബഹൻ യോജന'യിൽ നിന്ന് 92 ലക്ഷത്തിലധികം പേരെ ഒഴിവാക്കി മഹാരാഷ്ട്ര സർക്കാർ. ഇ-കെവൈസി പ്രക്രിയ പൂർത്തിയാക്കാത്തതിനെ തുടർന്ന് ഏകദേശം 80 ലക്ഷം പേരെ ഒഴിവാക്കിയതായി ഒരു മാസം മുൻപ് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഒഴിവാക്കപ്പെട്ടവരുടെ എണ്ണം 92 ലക്ഷം പിന്നിട്ടിരിക്കുകയാണ്. പദ്ധതിയുടെ തുടക്കത്തിലുണ്ടായിരുന്ന 2.4 കോടി ഗുണഭോക്താക്കളിൽ 38 ശതമാനം പേർ നിലവിൽ പദ്ധതിക്ക് പുറത്തായിരിക്കുകയാണ്.

സാങ്കേതിക നടപടികൾ പൂർത്തിയാക്കാത്തത് കൊണ്ട് മാത്രമല്ല, മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാലാണ് ഇത്രയധികം പേർ ലിസ്റ്റിൽ നിന്ന് പുറത്തായതെന്നാണ് സർക്കാർ വാദം. നിശ്ചിത സമയ പരിധിക്കുള്ളിൽ ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാൻ 50 മുതൽ 55 ലക്ഷം വരെ സ്ത്രീകൾക്ക് കഴിഞ്ഞില്ല. കൂടാതെ 12 ലക്ഷം സ്ത്രീകളുടെ കുടുംബ വാർഷിക വരുമാനം പദ്ധതിയുടെ നിശ്ചയിച്ച പരിധിയേക്കാൾ കൂടുതലാണെന്ന് കണ്ടെത്തി. പദ്ധതിയുടെ പരമാവധി പ്രായപരിധിയായ 65 വയസ്സിന് മുകളിലുള്ള 4.5 ലക്ഷത്തിലധികം സ്ത്രീകളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇതിനുപുറമേ സ്ത്രീകളുടെ ഈ ക്ഷേമപദ്ധതിയിലൂടെ ആനുകൂല്യം കൈപ്പറ്റാൻ വ്യാജമായി ശ്രമിച്ച പതിനാലായിരത്തോളം പുരുഷന്മാരെയും പരിശോധനയിൽ കണ്ടെത്തി നീക്കം ചെയ്തെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് ഏറ്റവും കൂടുതൽ ആളുകൾ പദ്ധതിയിൽ നിന്ന് പുറത്തായത്. ഇവിടെ നിന്ന് മാത്രം 28 ലക്ഷം സ്ത്രീകളുടെ പേരുകളാണ് ഒഴിവാക്കപ്പെട്ടത്. ഗുണഭോക്താക്കൾക്ക് ഇ-കെവൈസി പൂർത്തിയാക്കാൻ എട്ട് മാസത്തോളം സമയം നൽകിയതാണെന്നാണ് സർക്കാർ വാദം.

12 ലക്ഷത്തോളം സ്ത്രീകളെ ഒഴിവാക്കാൻ കാരണം വാർഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്ക് മുകളിലായതു കൊണ്ടാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അഞ്ച് ലക്ഷത്തോളം സ്ത്രീകൾ നിലവിൽ മറ്റ് ക്ഷേമ പദ്ധതികൾ പ്രകാരം ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരാണ്. അർഹതയുണ്ടായിട്ടും തങ്ങളുടെ പേരുകൾ തെറ്റായി നീക്കം ചെയ്യപ്പെട്ടു എന്ന് പരാതി ഉന്നയിച്ചവരുടെ അപേക്ഷകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഈ പദ്ധതിക്കായി ചെലവഴിക്കുന്ന വൻ തുക സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി എ ജി) കഴിഞ്ഞ ആഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് സ്ത്രീക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള ബജറ്റ് വിഹിതം 2023-24 സാമ്പത്തിക വർഷത്തിലെ 261.78 കോടി രൂപയിൽ നിന്ന് 2024-25ൽ 33,554.36 കോടി രൂപയായി കുത്തനെ ഉയർന്നിരുന്നു. തുടർന്നാണ് സി എ ജിയുടെ മുന്നറിയിപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൻ സംഭവം തന്നെ! കൃത്യ സമയം പാലിക്കുന്നതിൽ ലോകത്തെ അമ്പരിപ്പിച്ച് എയർ ഇന്ത്യ; ലോകത്തെ നാലാം സ്ഥാനം സ്വന്തമാക്കി
സ്വന്തം പെൺമക്കൾക്കായി സര്‍വ്വം മറന്ന് കര്‍ണാടക പിഎസ്സി ചെയര്‍മാൻ, നിർവാസിത പദ്ധതിയിൽ ഉൾപ്പെടുത്തി വഴിവിട്ട നിയമനം, സസ്പെൻഡ് ചെയ്ത് ഗവര്‍ണര്‍