
ലുധിയാന: കൊവിഡ് എന്ന മാഹാമാരിയ്ക്കെതിരായ പോരാട്ടത്തിൽ പ്രായഭേതമെന്യേ നിരവധി പേരാണ് രംഗത്തെത്തുന്നത്. അത്തരത്തിൽ 98മത്തെ വയസിൽ മാസ്ക് നിര്‍മ്മിച്ച് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് പഞ്ചാബിലെ ഒരു മുത്തശ്ശി. ഗൗർദേവ് കൗർ ധാലിവാൾ എന്നാണ് ഇവരുടെ പേര്.
എല്ലാ ദിവസവും അതിരാവിലെ എഴുന്നേറ്റ് സ്വന്തം ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കാതെ 8 മുതൽ വൈകുന്നേരം 4 വരെ മാസ്കുകൾ തുന്നുകയാണ് ഇവരുടെ ജോലി. സംഭവം വൈറലായതോടെ 98-ാം വയസിൽ മാസ്ക് തുന്നിയ ഇവരെ പ്രശംസിച്ചുകൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും രംഗത്തെത്തി.
"കൊവിഡ്-19നെതിരായ പോരാട്ടത്തിൽ ദരിദ്രർക്ക് മുഖംമൂടി നിർമ്മിച്ച 98 കാരിയായ ആ സ്ത്രീയാണ്, പഞ്ചാബിലെ ഏറ്റവും ശക്തയായ കൊറോണ വൈറസ് പോരാളി. കുടുംബത്തോടൊപ്പം അവര്‍ പഞ്ചാബിനായി മാസ്ക് തുന്നുകയാണ്. പഞ്ചാബികളുടെ ഇത്തരത്തിലുള്ള സമർപ്പണം ഞങ്ങൾ എത്ര ശക്തരാണെന്നതിന്‍റെ തെളിവാണ്. ഏത് വെല്ലുവിളിയെയും ഞങ്ങൾ മറികടക്കുമെന്നും , “അമരീന്ദർ സിംഗ് ട്വിറ്ററില്‍ കുറിച്ചു.
സംസ്ഥാനത്ത് 200 ലധികം പേർക്ക് വൈറസ് ബാധിച്ചതിനാൽ പഞ്ചാബ് സർക്കാർ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ഇതോടെ ധാലിവാളിന്റെ ഉദ്യമത്തിന് സംഭാവനകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
“ഞങ്ങളുടെ പ്രദേശത്തെ നിരവധി പച്ചക്കറി വിൽപ്പനക്കാർ മാസ്ക് ധരിച്ചിരുന്നില്ല. കൊറോണ വൈറസിൽ നിന്ന് സ്വയം രക്ഷിക്കായി ഇത് ധരിക്കാൻ ഞങ്ങൾ അവരോട് പറഞ്ഞു, പക്ഷേ അവർക്ക് മാസ്ക് വാങ്ങാനാകുമായിരുന്നില്ല.
ഇതോടെയാണ് മാസ്‌ക്കുകൾ തുന്നി അവർക്ക് സൗജന്യമായി നൽകാൻ ഞങ്ങൾ തീരുമാനിച്ചത്,“ധാലിവാലിന്റെ മരുമകൾ പറയുന്നു.
>
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam