
ബെംഗളുരു: ബെംഗളുരുവിൽ പെയ്ത ശക്തമായ മഴയിൽ ജ്വല്ലറിയിൽ വെള്ളം കയറി രണ്ടരക്കോടിയുടെ സ്വർണാഭരണങ്ങൾ ഒലിച്ചുപോയതായി വ്യാപാരിയുടെ പരായി. മല്ലേശ്വരത്തെ ഒമ്പതാം ക്രോസ് റോഡിലുളള നിഹാൻ ജ്വല്ലറി ഷോറൂമിലാണ് മഴ പെയ്ത് കനത്ത നഷ്ടമുണ്ടായത്. അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയിൽ ജ്വല്ലറി ഷട്ടർ അടയ്ക്കാൻ കഴിയുന്നതിന് മുമ്പേ കടയ്ക്കകത്തേക്ക് വെള്ളം കുത്തിയൊലിച്ച് വരികയായിരുന്നെന്ന് സ്ഥാപന ഉടമ പറയുന്നു. ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഒലിച്ചുപോയെന്നും നിരവധി ഫർണിച്ചറുകൾ നശിച്ചെന്നും ഉടമ വ്യക്തമാക്കി. വെള്ളത്തിന്‍റെ ശക്തിയിൽ പിൻവശത്തെ വാതിൽ തുറന്നതോടെയാണ് ആഭരണങ്ങൾ ഒലിച്ചുപോയത്.
ശനിയാഴ്ച കടയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്, കുറച്ചധികം സ്വർണം കടയിൽ എത്തിച്ചിരുന്നു. ഇതടക്കമാണ് നഷ്ടമായത്. സഹായത്തിനായി കോർപ്പറേഷൻ അധികൃതരെ വിളിച്ചെങ്കിലും ആരും സഹായിച്ചില്ലെന്നാണ് ഉടമ പറയുന്നത്. നഗരത്തിലെ പ്രധാന ഷോപ്പിംഗ് തെരുവുകളിലൊന്നായ മല്ലേശ്വരം മാർക്കറ്റിന്‍റെ നിർമാണത്തിലെ അശാസ്ത്രീയതയാണ് തനിക്ക് കനത്ത നഷ്ടം വരുത്തി വച്ചതെന്നും ഉടമ വ്യക്തമാക്കുന്നു.
കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ബംഗളുരുവിലുണ്ടായത്. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. വെള്ളത്തിൽ കാർ മുങ്ങിയും കനാലിൽ വീണുമുണ്ടായ അപകടങ്ങളിൽ രണ്ട് പേർ മരിച്ചു. കർണാടക നിയമസഭയുടെ തൊട്ടടുത്തുള്ള കെ ആര്‍ സര്‍ക്കിളിലെ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ മുങ്ങിയാണ് ഇന്‍ഫോസിസ് ജീവനക്കാരിയായ ഭാനു മരിച്ചത്. മരിച്ച യുവതിയുടെ കുടുംബാംഗങ്ങളെ കാണാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി. ഭാനുരേഖയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും മറ്റ് കുടുംബാംഗങ്ങൾക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam